തണ്ണീര്‍ത്തട നിയമ ഭേദഗതി: ബില്ലിലെ വ്യവസ്ഥ തിരിച്ചടിയാവും
മലപ്പുറം: നിയമസഭ പാസാക്കിയ തണ്ണീര്‍ത്തട നിയമ ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയില്‍ കര്‍ഷകര്‍. 2008നു മുന്‍പ് നെല്‍വയല്‍ നികത്തിയത് ക്രമവല്‍ക്കരിച്ച് നല്‍കുന്നതിന് ന്യായവിലയുടെ അമ്പത് ശതമാനം പിഴ ഈടാക്കാനാണ് ഭേദഗതി ബില്ലില്‍ വ്യവസ്ഥയുള്ളത്. ഇത് സംസ്ഥാനത്തെ നൂറുകണക്കിന് കര്‍ഷകര്‍ക്ക് തിരിച്ചടിയാവും.
നെല്‍വയല്‍ നികത്തിയവരില്‍ കൂടുതല്‍പേരും കെട്ടിടം നിര്‍മിക്കാനല്ല മറിച്ച് മറ്റു കൃഷികളിലേക്ക് മാറാനാണ് വയല്‍ നികത്തിയത്. ജല ലഭ്യതയുടെയും ഉല്‍പാദനക്ഷമതയുടെയും കുറവ് മൂലം നെല്‍കൃഷി ലാഭകരമല്ലാത്തതിനെ തുടര്‍ന്നാണ് നെല്‍കൃഷി ഉപേക്ഷിച്ച് തെങ്ങ്, കമുങ്ങ് തുടങ്ങിയ കൃഷികളിലേക്ക് മാറിയത്. പുതിയ നിയമപ്രകാരം ഇത്തരത്തില്‍ വയല്‍ നികത്തിയവര്‍ ലക്ഷങ്ങള്‍ പിഴ അടക്കേണ്ടിവരും.
2008ന് മുന്‍പ് വയല്‍ നികത്തി കെട്ടിടങ്ങളും വ്യാപാര കേന്ദ്രങ്ങളും നിര്‍മിച്ചിട്ടുണ്ടെങ്കില്‍ കനത്ത പിഴ ഈടാക്കാമെന്നും വ്യവസ്ഥയുണ്ട്. സ്വന്തം താമസത്തിനുള്ള വീടാണ് നിര്‍മിച്ചിരിക്കുന്നതെങ്കില്‍ പിഴയില്‍നിന്ന് ഒഴിവാകും. 2008ന് മുന്‍പ് ഭൂമി നികത്തി അവിടെ തോട്ടവിളകള്‍ കൃഷി ചെയ്ത കര്‍ഷകരെ ക്രമവല്‍ക്കരിക്കുന്നതിന് പിഴ ഈടാക്കുന്ന വ്യവസ്ഥയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
ഒരേക്കറില്‍ തെങ്ങ് കൃഷി ചെയ്ത കര്‍ഷകന്‍ ഭൂമി ക്രമവല്‍ക്കരിച്ച് കിട്ടാന്‍ ലക്ഷങ്ങള്‍ പിഴ അടക്കേണ്ടി വരും. നെല്‍കൃഷി ഉപേക്ഷിച്ച് തോട്ട കൃഷിയിലേക്ക് വര്‍ഷങ്ങള്‍ക്ക്് മുമ്പ് മാറിയ കര്‍ഷകര്‍ ഇതുവരെ കൃഷിചെയ്തുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് പിടിച്ചെടുക്കുന്നതാണ് ഭേദഗതി ബില്ലിലെ ക്രമവല്‍ക്കരണ വ്യവസ്ഥ. ഇത് കടുത്ത കര്‍ഷകദ്രോഹവും അന്യായവുമാണെന്നാണ് കര്‍ഷകരുടെ ആക്ഷേപം.
കേരളത്തില്‍ 2010ല്‍ നിലവില്‍ വന്ന ഭൂമിയുടെ ന്യായവില 2014ല്‍ 50 ശതമാനമാണ് വര്‍ധിപ്പിച്ചത്. 2018ല്‍ വീണ്ടും 10 ശതമാനം വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഇത് 160 ശതമാനമാണ്. 2008 മുന്‍പ് നെല്‍വയല്‍ നികത്തിയത് ക്രമവല്‍ക്കരിക്കുന്നതിന് ഈ സംഖ്യയുടെ 50 ശതമാനം പിഴ ഈടാക്കാനാണ് ഭേദഗതി ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. പുതിയ നിയമ നിര്‍മാണം സുപ്രിംകോടതി വിധിക്കെതിരാണെന്നും പിഴ ഈടാക്കി നിലംനികത്താന്‍ അനുവദിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നുമായിരുന്നു പ്രതിപക്ഷം വാദിച്ചത്.
എന്നാല്‍ ന്യായവിലയുടെ അമ്പത് ശതമാനം പിഴയായല്ല ഫീസായിട്ടാണ് ഈടാക്കുന്നതെന്നും ഇത് ഭരണഘടനാ വിരുദ്ധമല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."