ഫ്ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം
നെടുമ്പാശ്ശേരി: ദേശീയപാതക്ക് സമീപമുള്ള ഫ്ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടിത്തം. അമ്മയെയും മൂന്ന് വയസ് പ്രായമുള്ള മകളെയും ഗുരുതരമായ പൊള്ളലുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അങ്കമാലി - ആലുവ ദേശീയപാതക്ക് സമീപം ദേശത്ത് സ്വര്‍ഗം റോഡില്‍ പ്രൈം റോസ് ഫ്ളാറ്റില്‍ ഇന്നലെ രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ഫ്ളാറ്റിലെ താമസക്കാരായിരുന്ന ജെറ്റ് എയര്‍വേയ്സ് ജീവനക്കാരി ജാക്ക്വലിന്‍ മേരി കുര്യന് (28), മകള്‍ കാതറിന് (മൂന്ന്) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.
സംഭവം നടന്നയുടന്‍ അടുത്ത ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ ഇവരെ ദേശം സി.എ ആശുപത്രിയിലെത്തിച്ചു. പ്രഥമ ശുശ്രൂഷക്ക് ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അടുക്കളയിലെ ഗ്യാസ് സിലിണ്ടറിലേക്ക് തീ പടര്‍ന്ന് സിലിണ്ടര്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ആലുവയില്‍ നിന്ന് രണ്ടും അങ്കമാലി, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ അഗ്നിശമന സേന യൂണിറ്റുകളും എത്തിയാണ് തീയണച്ചത്.
ആലുവയില്‍ നിന്ന് അഗ്നിശമന സേന സ്ഥലത്ത് എത്തിയ ശേഷവും സ്ഫോടനം നടന്നു. ഇത് വീണ്ടും പരിഭ്രാന്തിക്കിടയാക്കി. തീപിടിത്തത്തില്‍ ഫ്ളാറ്റിലെ ഫര്‍ണിച്ചറും വീട്ടുസാധനങ്ങളും പൂര്‍ണമായും കത്തിച്ചാമ്പലായി.
കട്ടില്, ജനല്‍, വാതില്‍, സോഫ സെറ്റ്, ഡൈനിങ് ടേബിള്‍, കസേരകള്‍, ടി.വി, ഫ്രിഡ്ജ്, കംപ്യൂട്ടര്‍, വാഷിംഗ് മെഷീന് തുടങ്ങി വീട്ടിലെ സ്റ്റീല്‍ പാത്രങ്ങള്‍ക്ക് വരെ കേടുപാട് സംഭവിച്ചു. ഫ്ളാറ്റിന്റെ ഭിത്തികള്‍ക്കും പൊട്ടല്‍ വീണിട്ടുണ്ട്. ശക്തമായ പുകയും തീയും ഉയര്‍ന്നതോടെ പരിഭ്രാന്തരായി അയല്‍ ഫ്ളാറ്റുകളിലുള്ളവരെല്ലാം വിലപിടിപ്പുള്ള സാധനങ്ങളുമായി താഴേക്ക് ഓടിയിറങ്ങുകയായിരുന്നു.
മുകളിലെ നിലകളിലെല്ലാം ശക്തമായ പുക നിറഞ്ഞതിനാല്‍ അഗ്നിശമനസേനയുടെ പ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നു. നാല് യൂണിറ്റുകള്‍ ചേര്‍ന്ന് ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണക്കാനായത്. ആലുവ അഗ്നിശമന സേന സ്റ്റേഷന് ഓഫിസര്‍ അശോകന്, ഫയര്മാന്മാരായ സന്തോഷ്, സന്തോഷ് കുമാര്‍, രതീഷ്, അനന്തകൃഷ്ണന്, നിസാം, പി.ആര്. സനോജ്, പി.കെ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിശമന സേന അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."