ശ്രീശാന്തിന്റെ വിലക്ക് നീക്കാനാകില്ല: ബി.സി.സി.ഐ
കൊച്ചി: ശ്രീശാന്തിന്റെ വിലക്ക് നീക്കാനോ സ്‌കോട്‌ലാന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിന് അനുമതി നല്‍കാനോ സാധിക്കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു. ഹരജി വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഐ.പി.എല്‍ ആറാം സീസണിലെ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക് പിന്‍വലിക്കുന്നില്ലെന്നാരോപിച്ച് ശ്രീശാന്ത് നല്‍കിയ ഹരജിയിലാണ് വിശദീകരണം. കോഴ വിവാദവുമായി ബന്ധപ്പെട്ട തെളിവുകള്‍ വിശദമായി പരിശോധിച്ചാണ് അച്ചടക്ക നടപടിയെടുത്തതെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.
2015 ജൂലൈ 25ന് പട്യാല സെഷന്‍സ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും ഇതിനെതിരേ പൊലിസ് നല്‍കിയ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതി ഓഗസ്റ്റ് 11ന് പരിഗണിച്ചേക്കും. സെഷന്‍സ് കോടതി വിധി അന്തിമമാണെന്നു പറയാന്‍ കഴിയില്ല. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതി വിധി 2015 ഒക്ടോബര്‍ 18ന് ചേര്‍ന്ന ബി.സി.സി.ഐയുടെ വര്‍ക്കിങ് കമ്മിറ്റി പരിഗണിച്ചിരുന്നു. ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ നിലപാടിന് പുറമേ ക്രിക്കറ്റ് കളിയുടെ ധാര്‍മിക മൂല്യം ഉയര്‍ത്തിപ്പിടിക്കേണ്ട ബാധ്യതയും കണക്കിലെടുത്തു വിലക്ക് പിന്‍വലിക്കേണ്ട എന്നായിരുന്നു കമ്മിറ്റി തീരുമാനിച്ചത്.
സ്‌കോട്‌ലാന്‍ഡ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതി തേടി ശ്രീശാന്ത് ജനുവരി 17ന് കെ.സി.എ മുഖേന അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വിലക്ക് നീക്കി എന്‍.ഒ.സി നല്‍കാന്‍ തക്ക പുതിയ സാഹചര്യമൊന്നും നിലവിലില്ലെന്നും ആജീവനാന്ത വിലക്കുള്ളതിനാല്‍ എന്‍.ഒ.സി നല്‍കാനാകില്ലെന്നും വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കെ.സി.എയ്ക്ക് മറുപടി നല്‍കി.
വീണ്ടും ശ്രീശാന്ത് ഇതേ ആവശ്യം ഉന്നയിച്ച് അപേക്ഷ നല്‍കിയപ്പോള്‍ അച്ചടക്ക സമിതിയുടെ മുന്‍ തീരുമാനം ഫെബ്രുവരി 15ന് വീണ്ടും കെ.സി.എയെ അറിയിച്ചു. ഇതിന് ശേഷം മാര്‍ച്ച് ആറിന് അച്ചടക്ക സമിതി തീരുമാനം പുനഃപരിശോധിക്കാന്‍ ശ്രീശാന്ത് ഇ-മെയില്‍ മുഖേന അപേക്ഷ നല്‍കി. എന്നാല്‍ വിലക്ക് നീക്കാനോ അനുമതി നല്‍കാനോ കഴിയില്ലെന്ന് വ്യക്തമാക്കി ഏപ്രില്‍ 15ന് മറുപടി നല്‍കിയെന്നും ഇതിന്റെ പകര്‍പ്പ് ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ബി.സി.സി.ഐയുടെ പ്രതിനിധി രാഹുല്‍ ജോഹ്‌രി നല്‍കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."