വിടരുമോ... വിസ്മയം
മാഡ്രിഡ്: ലോകം കാത്തിരിക്കുന്നു ബാഴ്‌സലോണയുടെ മറ്റൊരു വിസ്മയ തിരിച്ചു വരവിനായി. യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ മുന്‍ ചാംപ്യന്‍മാരായ ബാഴ്‌സലോണ ഇറ്റാലിയന്‍ കരുത്തരായ യുവന്റസുമായുള്ള രണ്ടാം പദ പോരിനായി ഇന്നിറങ്ങും. സ്വന്തം തട്ടകമായ നൗ കാംപില്‍ രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ നാല് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം 6-1ന് വിസ്മയിപ്പിച്ച തിരിച്ചു വരവ് നടത്തിയ അതേ മികവ് ക്വാര്‍ട്ടറിലും അവര്‍ക്ക് പുറത്തെടുക്കേണ്ടതുണ്ട്. ഇത്തവണ ആദ്യ പാദത്തില്‍ യുവന്റസിന്റെ തട്ടകത്തില്‍ വഴങ്ങിയ മൂന്ന് ഗോളുകളുടെ കടം വീട്ടിയാണ് വിജയം പിടിക്കേണ്ടത്. അസാധ്യമായതൊന്നുമില്ലെന്ന് പി.എസ്.ജിക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ ബാഴ്‌സ ലോകത്തിനെ ബോധ്യപ്പെടുത്തിയതിനാല്‍ അവരില്‍ നിന്ന് വീണ്ടും അത്തരമൊരു പ്രകടനം കണ്ടാല്‍ അദ്ഭുതപ്പെടേണ്ടതില്ല.
പക്ഷേ വിചാരിച്ച അത്രയെളുപ്പമല്ല കാര്യങ്ങള്‍. പി.എസ്.ജിയല്ല യുവന്റസ്. ഇറ്റാലിയന്‍ കരുത്തര്‍ സന്തുലിത ടീമാണ്. പ്രതിരോധവും അക്രമവും സമം ചേര്‍ത്ത പുതിയ ശൈലിയില്‍ കളിക്കുന്ന അവരെ കീഴടക്കാന്‍ എതിര്‍ ടീമിന് സര്‍വ ശക്തിയും പുറത്തെടുക്കേണ്ടി വരും. ഇറ്റാലിയന്‍ ലീഗില്‍ കിരീടത്തിലേക്ക് കുതിക്കുന്ന യുവന്റസ് ചാംപ്യന്‍സ് ലീഗിലും ആധികാരിക പ്രകടനമാണ് നടത്തുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാംപ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കറ്റാലന്‍ പട കീഴടക്കിയ ഇറ്റാലിയന്‍ ടീമല്ല ഇപ്പോള്‍ യുവന്റസ്. അന്നത്തെ ബാഴ്‌സലോണയും ഇപ്പോഴത്തെ ബാഴ്‌സലോണയും തമ്മില്‍ ശൈലിയിലും ടീമംഗങ്ങളിലും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടുമില്ല. യുവന്റസാകട്ടെ മികച്ച ഒരുപിടി താരങ്ങളുടെ സംഘമാണിപ്പോള്‍. മുന്നേറ്റത്തിലും മധ്യനിരയിലും പ്രതിരോധത്തിലും അവര്‍ സ്ഥിരതയുള്ളവരാണ്. ഹിഗ്വെയ്ന്‍, മാന്‍ഡ്‌സുകിച് എന്നിവര്‍ നയിക്കുന്ന മുന്നേറ്റവും സമി ഖെദിരയും ക്വാഡ്രാഡോയുമടക്കമുള്ളവര്‍ മധ്യനിരയിലും ബൊനൂസി, ബെര്‍സാഗ്ലി, ചെല്ലിനി ത്രയം നയിക്കുന്ന പ്രതിരോധവും ഒപ്പം നായകനായും കാവല്‍ ഭടനായും ഗോള്‍ മുഖം കാക്കുന്ന സാക്ഷാല്‍ ജിയാന്‍ലൂജി ബുഫണും അവരുടെ കരുത്താണ്. അതേസമയം ആദ്യ പാദ പോരാട്ടത്തില്‍ ഇരട്ട ഗോളുകള്‍ നേടി യുവന്റസിനെ കറ്റാലന്‍ പടയ്ക്ക് മേല്‍ വിജയിപ്പിച്ച പോളോ ഡൈബാലക്ക് പരുക്കേറ്റത് അവര്‍ക്ക് കനത്ത തിരിച്ചടിയാണ്. അര്‍ജന്റൈന്‍ താരം കളിക്കുന്ന കാര്യം സംശത്തിലാണ്.
ആദ്യ പാദം പരാജയപ്പെട്ടെങ്കിലും സ്വന്തം തട്ടകത്തില്‍ നാട്ടുകാരുടെ പിന്തുണയില്‍ വിശ്വസിച്ചാണ് കറ്റാലന്‍ പട ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം സ്പാനിഷ് ലാ ലിഗ പോരാട്ടത്തില്‍ റയല്‍ സോസിഡാഡിനെതിരേ മെസ്സിയുടെ ഇരട്ട ഗോളില്‍ വിജയിക്കാന്‍ സാധിച്ചത് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. മധ്യനിര താരം ഹാവിയര്‍ മഷറാനോ കളിക്കുമോ എന്ന കാര്യം മാത്രമാണ് അവര്‍ക്ക് വേവലാതി നല്‍കുന്ന ഘടകം. അതേസമയം 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുവന്റസ് നൗ കാംപില്‍ ബാഴ്‌സക്കെതിരേ കളിക്കാനിറങ്ങുന്നത്. 2003ലാണ് അവര്‍ അവസാനമായി കറ്റാലന്‍ മണ്ണില്‍ പോരിനിറങ്ങിയത്. അന്ന് ബാഴ്‌സലോണയെ 2-1ന് വീഴ്ത്താന്‍ ഓള്‍ഡ് ലേഡികള്‍ക്ക് സാധിച്ചിരുന്നു. ആ പ്രതീക്ഷയിലാണ് യുവന്റസ്.
മൊണാക്കോ- ബൊറൂസിയ ഡോര്‍ട്മുണ്ട്
ഫ്രഞ്ച് കരുത്തരായ മൊണാക്കോ സ്വന്തം തട്ടകത്തില്‍ ജര്‍മന്‍ ശക്തികളായ ബൊറൂസിയ ഡോര്‍ട്മുണ്ടുമായി ഏറ്റുമുട്ടും. ഡൊര്‍ട്മുണ്ടില്‍ നടന്ന ആദ്യ പാദ പോരാട്ടത്തില്‍ 3-2ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മൊണാക്കോ സ്വന്തം തട്ടകത്തില്‍ പന്തു തട്ടാനിറങ്ങുന്നത്. ആദ്യ പാദത്തില്‍ ടീം ബസിന് നേരെയുണ്ടായ ആക്രമണവും തുടര്‍ന്ന് നടന്ന പോരാട്ടത്തില്‍ സ്വന്തം മണ്ണില്‍ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങേണ്ടി വന്നതിന്റെയും ക്ഷീണം തീര്‍ക്കാനൊരുങ്ങിയാണ് ജര്‍മന്‍ ടീം എവേ മത്സരത്തിനെത്തുന്നത്. നിലവിലെ ഫോം വച്ചു നോക്കിയാല്‍ മൊണാക്കോയെ തളക്കുക എളുപ്പമല്ല. ഫ്രഞ്ച് ലീഗ് വണില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അവര്‍ ചാംപ്യന്‍സ് ലീഗിലും മികവുറ്റ മുന്നേറ്റമാണ് നടത്തുന്നത്. പഴയ പടക്കുതിര റഡാമല്‍ ഫാല്‍ക്കാവോ അടക്കമുള്ള താരങ്ങളുടെ മികവും സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും ഒപ്പം എവേ പോരാട്ടത്തില്‍ നേടിയ മൂന്ന് ഗോളിന്റെ മുന്‍തൂക്കവും എല്ലാം ഫ്രഞ്ച് ടീമിന്റെ വഴിയിലാണ് കാര്യങ്ങള്‍. മത്സരം വിജയിച്ച് സെമി ഉറപ്പിക്കാന്‍ ഡോര്‍ട്മുണ്ടിന് നന്നേ വിയര്‍പ്പൊഴുക്കേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."