വോട്ട് സന്ദേശമുയര്‍ത്തി ബൈക്കിലേറി കലക്ടര്‍
കുറ്റിക്കോല്‍: 'എന്റെ വോട്ട് എന്റെ അവകാശം' എന്ന സന്ദേശ പ്രചാരണാര്‍ഥം തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രചാരണ വിഭാഗമായ സ്വീപ് ബോവിക്കാനത്ത് സംഘടിപ്പിച്ച ബുള്ളറ്റ് റാലി കലക്ടര്‍ ഡോ. ഡി. സജിത് ബാബു ബുള്ളറ്റ് ഓടിച്ച് ഉദ്ഘാടനം ചെയ്തു. സ്വീപ് നോഡല്‍ ഓഫിസര്‍ ജോയിന്റ് രജിസ്ട്രാര്‍ വി. മുഹമ്മദ് നൗഷാദ് വോട്ട് സന്ദേശം നല്കി. കാസര്‍കോട്ടെ വിവിധ ബുള്ളറ്റ് റൈഡേഴ്സ് ക്ലബുകളില്‍ നിന്നുള്ള 15 റൈഡര്‍മാരാണ് കാസര്‍കോടിന്റെ മലയോര മേഖലയില്‍ നടത്തിയ യാത്രയില്‍ പങ്കെടുത്തത്. കുറ്റിക്കോല്‍, പനത്തടി, മാവുങ്കാല്‍, കാഞ്ഞങ്ങാട്, മേല്‍പറമ്പ്, കാസര്‍കോട് എന്നിവിടങ്ങളില്‍ വോട്ട് സന്ദേശ പ്രചാരണം നടത്തി. കോപറേറ്റീവ് ഇന്‍സ്പെക്ടര്‍മാരായ പി. ബൈജു രാജ്, കെ.സി സതീഷ് യാത്ര നയിച്ചു. സ്വീപിന്റെ ഭാഗമായി ജില്ലയില്‍ ഇതിനകം വൈവിധ്യമാര്‍ന്ന നിരവധി വോട്ടര്‍ ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. ഇനിയും നിരവധി പരിപാടികള്‍ നടക്കും. ഇത്തരം ബോധവല്‍ക്കരണ പരിപാടികളിലൂടെ പ്രകൃതി സൗഹൃദവും സമാധാനപരവുമായ ഇലക്ഷനാണ് ലക്ഷ്യമിടുന്നത്. വോട്ട് ചെയ്യല്‍ ഉറപ്പ് വരുത്തുന്നതിനായി 31ന് പള്ളിക്കര ബീച്ചില്‍ തീരദേശ വോട്ട് സന്ദേശ യാത്ര നടത്തും. ഏപ്രില്‍ ഒന്നിന് മഞ്ചേശ്വരത്തെ ഹൊസ്സങ്കടിയില്‍ രാവിലെ 9.30 നും കുമ്പളയില്‍ ഉച്ചക്ക് 12നും പെര്‍ളയില്‍ വൈകുന്നേരം മൂന്നിനും തെരുവ് നാടകം അരങ്ങേറും. ഏപ്രില്‍ രണ്ടിന് കാസര്‍കോടും മുള്ളേരിയയിലും ചെര്‍ക്കളയിലും മൂന്നിന് ഉദുമയിലും ചട്ടഞ്ചാലിലും തെരുവ് നാടകം സംഘടിപ്പിക്കും. കാഞ്ഞങ്ങാട് അമ്പലത്ത് കര പനത്തടി എന്നിവിടങ്ങളില്‍ നാലിനും തെരുവ് നാടകങ്ങള്‍ അരങ്ങേറും. എട്ടിന് എല്‍.ബി.എസ് കോളജിലും 11ന് തൃക്കരിപ്പൂര്‍ എന്‍ജിനീയറിങ് കോളജിലും മൈ വോട്ട്, മൈ റൈറ്റ് കാംപയിന് സംഘടിപ്പിക്കും. പൊതുജനങ്ങളുടെ വോട്ട് ചെയ്യല്‍ ഉറപ്പിക്കാനും ഹരിത ഇലക്ഷന് സന്ദേശം പകരാനുമായി ഒന്‍പതിന് താലൂക്ക് ഓഫിസ് മതില് ചുവരെഴുത്ത് നടക്കും. കാസര്‍കോട് താലൂക്ക് ഓഫിസ്, കാഞ്ഞങ്ങാട് ആര്.ഡി.ഒ ഓഫിസ് എന്നിവിടങ്ങളിലാണ് മതില് ചുവരെഴുത്ത് നടത്തുന്നത്. സീതാംഗോളി, പെര്‍മുദ, ബന്തിയോട്, ഹൊസങ്ങടി വോര്‍ക്കാടി എന്നിവിടങ്ങളില്‍ പത്തിന് ബൈക്ക് റാലി സംഘടിപ്പിക്കും. പാണത്തൂര്‍, പനത്തടി എന്നിവിടങ്ങളിലായി പതിനാറിന് മലയോര വോട്ട് സന്ദേശ യാത്ര നടത്തും. പതിനേഴിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ താലൂക്ക് ഓഫിസ് പരിസരം വരെ കൂട്ടയോട്ടം സംഘടിപ്പിക്കും. ജില്ലയിലെ ക്ലസ്റ്ററിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം എന്‍.എസ്.എസ് വളണ്ടിയേഴ്സ്, ഉദ്യോഗസ്ഥര്‍, പൊതുജനം ഉള്‍പടെ നിരവധി പേര് അടങ്ങുന്ന കൂട്ടയോട്ടവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."