മലപ്പുറത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്നതിനു പിന്നില്‍ തോല്‍വിയുണ്ടാക്കിയ ആഘാതം: കെ.പി.എ മജീദ്
മലപ്പുറം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തില്‍ സി.പി.എം നേതാക്കള്‍ക്ക് വിറളിപൂണ്ടിരിക്കുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇതാണ് മലപ്പുറത്തെ ഒന്നാകെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള കാരണം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ന്യൂനപക്ഷ വര്‍ഗീയ മേഖലയാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ ചീട്ടിറക്കി നേട്ടംകൊയ്യാന്‍ ശ്രമിച്ചത് സി.പി.എമ്മാണ്. ഇതിന്റെ ഭാഗമായാണ് ഹൈദരലി തങ്ങളെ യോഗി ആദിത്യനാഥിനോട് ഉപമിച്ച് സി.പി.എം നേതാക്കാള്‍ പ്രസ്താവന നടത്തിയത്. ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുന്നുവെന്ന് പ്രചരിപ്പിച്ച് ഭൂരിപക്ഷ പ്രീണനത്തിന് ശ്രമിച്ചതും സി.പി.എമ്മാണ്. ഇതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് ലഭിച്ച വോട്ടുകള്‍ ഇത്തവണ സി.പി.എമ്മിന് ലഭിക്കാന്‍ കാരണം. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും വോട്ടുനില പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് തങ്ങളുടെ വിജയത്തിന് കാരണമെന്ന് സി.പി.എം പറഞ്ഞിരുന്നു. ഭരണം സമ്പൂര്‍ണമായി പരാജയപ്പെടുകയും ജനവിധി മറിച്ചാവുകയും ചെയ്തതോടെ തങ്ങള്‍ക്കെതിരെ വോട്ടുചെയ്തവരെല്ലാം വര്‍ഗീയവാദികളെന്ന് പറയുന്നതിലൂടെ സി.പി.എമ്മിന്റെ സംഘ്പരിവാര്‍ മുഖമാണ് കൂടുതല്‍ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."