സര്‍ക്കാര്‍ നിബന്ധനകള്‍ കര്‍ശനമായും പാലിക്കാന്‍ കഴിയുന്നിടങ്ങളിലാണ് പള്ളികള്‍ തുറക്കേണ്ടത്, മഹാമാരിയുടെ ശമനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണം: ഹൈദരലി തങ്ങള്‍
മലപ്പുറം: ആരാധനാലയങ്ങള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായ പശ്ചാതലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കഴിയുന്നിടങ്ങളിലാണ് പള്ളികള്‍ തുറക്കേണ്ടതെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൂട്ടം കൂടാതിരിക്കല്‍, സാമുഹിക അകലം പാലിക്കല്‍, പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിക്കല്‍ തുടങ്ങിയ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം. കോവിഡ് 19 രോഗം ക്രമാതീതമായി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കേണ്ടതാണ്. വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ ആരാധനാ കര്‍മ്മങ്ങള്‍ നല്ലനിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ.
ആഴ്ചകളോളം അടഞ്ഞ് കിടക്കുന്ന പള്ളികള്‍ വിശ്വാസികളെ സംബന്ധിച്ചടത്തോളം സങ്കടപ്പെടുത്തുന്നതാണ്. ഈ സാഹചര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങളില്‍ വീഴ്ചകള്‍ സംഭവിക്കാന്‍ പാടില്ല. ചെറിയ വീഴ്ചകള്‍ക്ക് പോലും വലിയ വില നല്‍കേണ്ടിവരും. നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായും പാലിക്കുന്നതിന് മഹല്ല് കമ്മറ്റികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. കോവിഡ് 19 മഹാമാരിയുടെ ശമനത്തിനായി പ്രത്യേക പ്രാര്‍ത്ഥനകളും നടത്തണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."