നിയമനത്തില്‍ ക്രമക്കേടും തട്ടിപ്പും; അര്‍ഹരായ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തിയതായി പരാതി
കാസര്‍കോട്: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രൈമറി വിഭാഗത്തില്‍ സര്‍വശിക്ഷ അഭിയാന്റെ കീഴില്‍ സ്‌പെഷലിസ്റ്റ് ടീച്ചേഴ്‌സ് നിയമനത്തില്‍ ക്രമക്കേടും തട്ടിപ്പും നടത്തി അര്‍ഹരായ ഉദ്യോഗാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തിയതായി പരാതി. സംഭവത്തെ തുടര്‍ന്ന് എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസറെ എതിര്‍കക്ഷിയാക്കി കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിക്കാണ് കുറ്റിക്കോല്‍ സ്വദേശിയായ പീതാംബരനാണ് പരാതി നല്‍കിയത്.
2016 നവംബര്‍ 18ന് കാസര്‍കോട് എസ്.എസ്.എ ഓഫിസില്‍ സ്‌പെഷലിസ്‌ററ് ടീച്ചേഴ്‌സ് നിയമനത്തിനായി നടത്തിയ അഭിമുഖത്തില്‍ വഴിവിട്ടുള്ള നിയമനത്തിന് റാങ്ക് ലിസ്റ്റ് ഉണ്ടാക്കിയതില്‍ അപാകതയുണ്ടെന്നും അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ പ്രകാരം ലഭിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഹരജി നല്‍കിയത്. ചിത്രകല, സംഗീതം വിഭാഗത്തില്‍ 140 (ചിത്രകല 96, സംഗീതം 44) ഉദ്യോഗാര്‍ത്ഥികളെ ഒറ്റദിവസം കൊണ്ട് അഭിമുഖം നടത്തി മാനദണ്ഡങ്ങളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും അവഗണിച്ചുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.
ചിത്രകല വിഭാഗത്തില്‍ 80 വയസ്സ് പ്രായമുള്ള സബ്ജക്ട് എക്‌സ്‌പേര്‍ട്ട് ഏകദേശം നാലു മണിക്കൂര്‍ കൊണ്ടു നടത്തിയ അഭിമുഖത്തില്‍ തൊഴിലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടായില്ലെന്ന് എംപ്ലോയ്‌മെന്റ് തൊഴില്‍കാര്‍ഡ് മാനദണ്ഡമാക്കിയില്ലെന്നും പരാതിയില്‍ ഉന്നയിച്ചു. വിദ്യാഭ്യാസ യോഗ്യതക്ക് നല്‍കിയ മാര്‍ക്കിലും അപാകതയുണ്ട്. ജില്ലാ ഉദ്യോഗാര്‍ഥികളെ മറികടന്ന് ഇതരജില്ലക്കാര്‍ക്ക് നിയമനം നല്‍കിയതിലും എസ്.എസ്.എ. ജില്ലാ പ്രോജക്ട് ഓഫിസര്‍ മുതല്‍ ബാഹ്യഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
അധ്യാപക നിയമന അഭിമുഖ്യത്തില്‍ സ്വജനപക്ഷപാതവും സ്വതാത്പര്യവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നും ജില്ലയിലെ കഴിവുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഇതുമൂലം അവസരം നഷ്ടമായെന്ന് ഹരജിയില്‍ പരാതിപ്പെട്ടു. കേന്ദ്രകേരള മനുഷ്യാവകാശ കമ്മിഷന്‍, വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ബ്യൂറോ, കേന്ദ്ര തൊഴില്‍മന്ത്രാലയം എന്നീ വിഭാഗങ്ങള്‍ക്ക് പരാതി നല്‍കുമെന്നും ഹരജിക്കാരന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."