വരള്‍ച്ചാ പ്രതിരോധം: കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു
കാക്കനാട്: ജില്ലയില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലക്ടറേറ്റിലെ ജില്ലാ അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന 23 പഞ്ചായത്തുകളിലും മൂന്ന് മുന്‍സിപ്പാലിറ്റികളിലും കൊച്ചിന്‍ കോര്‍പറേഷനിലും കുടിവെള്ള വിതരണം ജി.പി.എസ് ഘടിപ്പിച്ച ടാങ്കര്‍ ലോറികളില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന ആരംഭിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.
സൂര്യാതപം മൂലം ചികിത്സ ആവശ്യമുള്ളവര്‍ക്ക് ജില്ലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതലുള്ള എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാതല പരിശോധനാ സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുന്നു. കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കറുകള്‍, പാറമടകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകള്‍, ബേക്കറി, റസ്റ്റോറന്റുകള്‍, തട്ടുകടകള്‍, മറ്റു ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍, ഐസ് പ്ലാന്റുകള്‍ എന്നിവയും സ്‌ക്വാഡുകള്‍ പരിശോധിക്കും.
ജല അതോറിറ്റി മുഖേന കുടിവെള്ള വിതരണം നടത്തുന്ന എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളേര്‍പ്പെടുത്തുന്നതിനും എല്ലാവര്‍ക്കും തുല്യമായ രീതിയില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനും വാട്ടര്‍ അതോറിറ്റിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
വിവിധ കനാലുകളിലൂടെയുള്ള ജലവിതരണം സുഗമമായി നടത്തുന്നതിനുമാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."