സെക്രട്ടറിയുടെ ഡെപ്യൂട്ടേഷന്‍ കാലാവധി ദീര്‍ഘിപ്പിക്കേണ്ടെന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ജില്ലാ പഞ്ചായത്ത് യോഗം തള്ളി
കാസര്‍കോട്: കാലാവധി അവസാനിക്കുന്ന ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെ ഡെപ്യൂട്ടേഷന്‍ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കേണ്ടതില്ലെന്ന ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിന്റെ ശുപാര്‍ശ ജില്ലാ പഞ്ചായത്ത് യോഗം തള്ളി. ഇന്നലെ രാവിലെ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിന്റെ തീരുമാനം റദ്ദാക്കിയത്. മെയ് 17വരെ ഡെപ്യൂട്ടേഷന്‍ കാലാവധി അവസാനിക്കുന്ന സെക്രട്ടറി പി. നന്ദകുമാര്‍ കാലാവധി നീട്ടി ലഭിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അപേക്ഷ നീട്ടി നല്‍കേണ്ടതില്ലെന്നാണ് ധനാകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനിച്ചത്. ഇത് ഇന്നലെ ജില്ലാ പഞ്ചായത്ത് യോഗത്തിലെത്തിയപ്പോള്‍ ചൂടേറിയ ചര്‍ച്ച നടന്നു. സി.പി.എം, ബി.ജെ.പി അംഗങ്ങള്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഭരണപക്ഷത്തെ ഹര്‍ഷാദ് വൊര്‍ക്കാടിയും സെക്രട്ടറിയെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു. തുടര്‍ന്നാണ് സെക്രട്ടറിയുടെ കാലാവധി നീട്ടേണ്ടതില്ലെന്ന സ്റ്റാന്‍ഡിങ് തീരുമാനം യോഗം റദ്ദാക്കിയത്.
സെക്രട്ടറിയുടെ കാലാവധി നീട്ടേണ്ടതില്ലെന്ന ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനം അജന്‍ഡയായി എത്തിയപ്പോള്‍ എതിര്‍പ്പുമായി സി.പി.എം അംഗങ്ങളായ ജോസ് പതാലിലും ഇ. പത്മാവതിയും എഴുന്നേറ്റു. ബി.ജെ.പി അംഗം അഡ്വ. കെ. ശ്രീകാന്തും തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു. തന്റെ ഡിവിഷനിലെ റോഡുകളുടെ ലിസ്റ്റും അതിന് അനുവദിച്ച ഫണ്ടിന്റെ കണക്കും ലഭിക്കണമെന്ന ആവശ്യം തള്ളിയയാളാണ് സെക്രട്ടറിയെന്നും വിവരാവകാശ പ്രകാരം സെക്രട്ടറിയില്‍നിന്ന് രേഖകള്‍ താന്‍ കൈപ്പറ്റുമെന്നും അതിനായി സെക്രട്ടറി ഇവിടെ തന്നെ ഉണ്ടാവണമെന്നും കോണ്‍ഗ്രസിലെ ഹര്‍ഷാദ് വൊര്‍ക്കാടി ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചുകൊണ്ടു പോകുന്നതില്‍ സെക്രട്ടറി പരാജയപ്പെട്ടുവെന്നും അതിനാലാണ് കാലാവധി നീട്ടി നല്‍കേണ്ടതില്ലെന്ന് ഐക്യകണ്‌ഠേന ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനിച്ചതെന്നും പ്രസിഡന്റ് എ.ജി.സി ബഷീര്‍ യോഗത്തെ അറിയിച്ചു. രാഷ്ട്രീയ നിലപാടിന്റെ ഭാഗമായല്ല ഇത്തരം തീരുമാനമെന്നും എ.ജി.സി ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തീരുമാനത്തില്‍ പുനഃപരിശോധന വേണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. കാര്യങ്ങള്‍ ഒന്നുകൂടി ചിന്തിക്കാന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വീണ്ടും വിടാമെന്ന് എ.ജി.സി ബഷീര്‍ നിര്‍ദേശംവച്ചു. എന്നാല്‍ ജില്ലാ പഞ്ചായത്ത് ബോര്‍ഡിന്റെ തീരുമാനം അന്തിമമാണെന്നും അതിവിടെയെടുത്താല്‍ മതിയെന്നും പ്രതിപക്ഷ അംഗങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് സെക്രട്ടറി സ്വയം തിരുത്തലിന് വിധേയനാകണമെന്നും ജീവനക്കാരെ ഏകോപിപ്പിച്ച് കൊണ്ടു പോകാന്‍ തയാറാവണമെന്നും വ്യക്തമാക്കി സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനം റദ്ദാക്കുന്നതായി എ.ജി.സി ബഷീര്‍ അറിയിച്ചു.
ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി തീരുമാനം റദ്ദാക്കണമെന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍ വോട്ടടെടുപ്പ് വേണ്ടി വരുമെന്ന നിര്‍ദേശവും പ്രസിഡന്റ് എ.ജി.സി ബഷീര്‍ മുന്നോട്ടുവച്ചിരുന്നു.
യോഗത്തില്‍ ഷാനവാസ് പാദൂര്‍, കേളു പണിക്കര്‍, കെ. നാരായണന്‍, പുഷ്പ അമേക്കള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."