ലഹരിമാഫിയയെ തുരത്തണം...
കണ്ണൂര്‍: തിരിച്ചറിയാന്‍ കഴിയാത്ത ലഹരി മരുന്നിന്റെ ഉപയോഗം യുവാക്കളില്‍ അതിരുകടക്കുന്നു. വിദ്യാലയങ്ങള്‍ അടക്കുമ്പോള്‍ വന്‍തോതില്‍ മയക്ക്മരുന്ന് കൈമാറാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ രക്ഷിതാക്കളും സഹപാഠികളായ വിദ്യാര്‍ഥികളും ജാഗ്രതയോടെ നില്‍ക്കണമെന്നും വിവരം എക്‌സൈസ് വകുപ്പിനെ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
എന്നാല്‍ കഞ്ചാവ്, ബ്രൗണ്‍ ഷുഗര്‍ എന്നി ലഹരി ഉല്‍പന്നങ്ങളില്‍നിന്നു ന്യൂജന്‍ ലഹരികളായ ലൈസര്‍ജിക് ആസിഡ് ഡൈ എഥിലമൈഡ് (എല്‍.എസ്.ടി) സ്റ്റാമ്പ്, എം.ഡി.എം.എ എന്നീ അതിമാരകമായ ലഹരി ഉല്‍പന്നങ്ങളാണ് ഇപ്പോള്‍ കൂടുതല്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇത്തരം ലഹരി മരുന്നുകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കാറില്ല.
മരണത്തിലേക്ക്
മാരകമായ ലഹരിയുടെ ഉപയോഗം കാരണം ജില്ലയില്‍ മരണം കൂടുകയാണ്. കഴിഞ്ഞ ദിവസം മുഴപ്പിലങ്ങാട് ആള്‍താമസമില്ലാത്ത വീട്ടില്‍ യുവാവ് മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറാതെയാണ് രക്ഷിതാക്കള്‍. ലഹരി മരുന്ന് ഉപയോഗത്തില്‍ ഇന്‍ഞ്ചക്ട് ചെയ്യുമ്പോഴാണ് മരണം സംഭവിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ലഹരി ഉപയോഗിക്കുന്നവരെ തിരിച്ചറിയണം
രക്ഷിതാക്കള്‍ കൃത്യമായി കുട്ടികളെ നിരീക്ഷിച്ചാല്‍ ലഹരി ഉപയോഗം കണ്ടെത്താന്‍ സാധിക്കും. ആഡംബര ജീവിതം നയിക്കുന്ന യുവാക്കളെയും ഇരുട്ടിന്റെ മറവില്‍ കൂട്ടമായി നില്‍ക്കുന്നവരെയും നിരീക്ഷിക്കണം.
ഇതരസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന വിദ്യാര്‍ഥികളാണ് വ്യാപകമായി ലഹരി മരുന്നുകള്‍ കടത്തുന്നത്. ഡി.ജി.പി ആന്‍ഡ് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങിന്റെ വാട്‌സ്ആപ്പ് നമ്പറില്‍ 9048044411 അറിയിച്ചാല്‍ ഉടനടി നടപടി സ്വീകരിക്കും. ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരും പൊലിസും വ്യാപകമായി നിരീക്ഷിക്കുന്നുണ്ട്.
എം.ഡി.എം.എ
ലഹരി ഉപയോഗിക്കുന്നവരുടെ ഇടയില്‍ ഇതിനു വ്യത്യസ്ത വിളിപേരുകളുണ്ട്. കര്‍പ്പൂരം, കല്‍ക്കണ്ടം എന്നിവയുടെ പൊടി പോലെയാണ് എം.ഡി.എം.എ. ഒരു ഗ്രാം അഞ്ച് തവണ ഉപയോഗിക്കാം. നിശാപാര്‍ട്ടികളില്‍ ഉപയോഗിച്ചു വരുന്ന ഈ ലഹരി വ്യാപകമായി കേരളത്തിലും കടത്തുന്നുണ്ട്.
10മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയാണ് പാര്‍ട്ടികളില്‍ ഉപയോഗിക്കുന്നത്. ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍ മണിക്കൂറുകളോളം ലഹരി തരുന്നതിനാല്‍ യുവാക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ഉപയോഗം ഹൃദ്രോഗം, ഓര്‍മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകല്‍, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കും.
എല്‍.എസ്.ടി സ്റ്റാമ്പ്
സ്റ്റിക്കര്‍ രൂപത്തിലാണ് ലഭ്യം. ഇതിന്റെ നാലിലൊരു ഭാഗം നാവിനടിയില്‍ വച്ചാല്‍ പോലും 18 മണിക്കൂറോളം ലഹരിയിലാകും. സ്റ്റാമ്പ് രൂപത്തില്‍ ആയതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."