ഖത്തറില്‍ വിദേശ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വെട്ടി, ജീവനക്കാരുടെ എണ്ണം കുറക്കുന്നു
ദോഹ: പ്രവാസികളായ സര്‍ക്കാര്‍ ജീവക്കാരുടെ വേതനത്തില്‍ കാര്യമായ കുറവ് വരുത്താന്‍ ഖത്തര്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ജൂണ്‍ 1 മുതല്‍ വിദേശികളുടെ വേതനം വെട്ടിക്കുറയ്ക്കുന്നതിലൂടെയോ ജീവനക്കാരെ ഒഴിവാക്കുന്നതിലൂടെയോ 30 ശതമാനം വരെ ചെലവ് കുറയ്ക്കാനാണ് ധമന്ത്രാലയം സര്‍ക്കാര്‍ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള സാഹചര്യവും എണ്ണ വിലിയിടിവുമാണ് ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ചെലവ് ചെരുക്കുകയോ ബോണ്ടിലൂടെ പണം സ്വരൂപിക്കുകയോ ആണ് മിക്ക സര്‍ക്കാരുകളും ഈ സാഹചര്യത്തെ നേരിടാന്‍ ചെയ്യുന്നത്. 2022 ലോക കപ്പിനൊരുങ്ങുന്ന ഖത്തര്‍ ഏപ്രിലില്‍ 10 ബില്യന്‍ ഡോളറാണ് ബോണ്ടിലൂടെ സ്വരൂപിച്ചത്.ഒമാന്‍ മുതല്‍ യുഎഇ വരെയുള്ള മിക്ക രാജ്യങ്ങളും വിദേശതൊഴിലാളികളെ ഒഴിവാക്കുകയോ വേതനം വെട്ടിക്കുറയ്ക്കുകയോ ചെയ്യുകയാണ്.
സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഉത്തേജന പാക്കേജുകളില്‍ നിന്നും പ്രവാസികളെ ഒഴിവാക്കുന്നു. പ്രവാസികളുടെ എണ്ണം പകുതിയാക്കി കുറയ്ക്കണമെന്ന് കുവൈത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. അതേ സമയം, ഖത്തറിന്റെ തൊഴില്‍ശക്തിയില്‍ 95 ശതമാനവും വിദേശികളാണ്. തൊഴിലാളികള പിരിച്ചുവിടുന്നതും വേതനം കുറയ്ക്കുന്നതും വിപണിയിലെ ചെലവഴിക്കല്‍ കുറയ്ക്കുന്നതിനാല്‍ ഖത്തറിന്റെ സാമ്പത്തിക മേഖലയ്ക്ക് കാര്യമായ ആഘാതമുണ്ടാക്കിയേക്കും. നിലവിലെ സാഹചര്യം ഖത്തര്‍ ജനസംഖ്യ 10 ശതമാനം കുറയാന്‍ ഇടയാക്കുമെന്നാണ് ഓഫ്സ്ഫണ്ട എക്കണോമിക്സിന്റെ പ്രവചനം.
ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വെയ്സില്‍ ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. 2019 മാര്‍ച്ച് 31ലെ കണക്ക് അനുസരിച്ച് 47,000 വിദേശികളാണ് ഖത്തര്‍ എയര്‍വെയ്സില്‍ ഉള്ളത്. ഖത്തര്‍ പെട്രോളിയത്തിലും അതിന്റെ ഉപകമ്പനികളിലും മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിദേശ തൊഴിലാളികളുണ്ട്. രണ്ട് കമ്പനികളും ഇതിനകം തൊഴിലാളികളെ പിരിച്ചുവിട്ടും വേതനം കുറച്ചും ചെലവ് ചുരുക്കുന്ന കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്.
വിദേശികളുടെ വേതനം കുറയ്ക്കുന്നതിന് പുറമേ ജീവനക്കാരുടെ ചില ആനുകൂല്യങ്ങള്‍ നിര്‍ത്തിവയ്ക്കാനനും ധനകാര്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ പലതും വിദേശതൊഴിലാളികളെ ബാധിക്കുന്നതാണ്. പ്രൊമോഷന്‍ നിര്‍ത്തിവയ്ക്കുക, വെക്കേഷനും ടിക്കറ്റിനും പകരം പണം നല്‍കുന്നത് അവസാനിപ്പിക്കുക, അഡ്വാന്‍സ് പേമെന്റ് നിര്‍ത്തലാക്കുക(വിവാഹത്തിന് ഒഴിച്ച്) തുടങ്ങിയ നടപടികള്‍ ഇതില്‍പ്പെടുന്നു.
ഇക്കാര്യത്തില്‍ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ ഓഫിസിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ലെന്ന് അല്‍ജസീറ റിപോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."