അട്ടപ്പാടിയില്‍ വി.കെ ശ്രീകണ്ഠന് ഉജ്വല സ്വീകരണം
അഗളി : അട്ടപ്പാടി മേഖലയില്‍ സന്ദര്‍ശനം നടത്തിയ പാലക്കാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ ശ്രീകണ്ഠന് അട്ടപ്പാടിയിലെ വിവിധ ഊര് നിവാസികള്‍ ആവേശോജ്വല സ്വീകരണം നല്‍കി. അഗളിയിലെത്തിയ സ്ഥാനാര്‍ത്ഥിയെ ഊര് നിവാസികളും യു.ഡി.എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അഗളി, ചെമ്മണ്ണൂര്‍, ഗൂളിക്കടവ് തുടങ്ങിയ വിവിധ ഊരുകളിലെത്തി വോട്ട് അഭ്യര്‍ഥന നടത്തി. സ്ത്രീകളും കുട്ടികളും സ്ഥാനാര്‍ഥിയുടെ അടുത്തേക്ക് എത്തി ഊരിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് ശംസുല്‍ ഉലമ യതീംഖാന, അഗളി സെഹിയോന്‍ ധ്യാന കേന്ദ്രം, അട്ടപ്പാടിയുടെ ചരിത്രം ഉറങ്ങി കിടക്കുന്ന മല്ലീശ്വരമുടി ശിവ ക്ഷേത്രം എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തി. യതീംഖാനയില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ മുസ്തഫ അശ്‌റഫി കക്കുപ്പടി, ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, ജില്ലാ പ്രസിഡന്റ് അന്‍വര്‍ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ എന്നിവരും സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ ഫാ. ജോസ് ആലക്കല്‍ കുന്നേല്‍, ഫാ. ആന്റണി തുടങ്ങിയവരും സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും സന്ദര്‍ശനങ്ങള്‍ നടത്തിയ ചെമ്മണ്ണൂര്‍ ഊരിലെ നിവാസികള്‍ ക്ഷേത്രത്തില്‍ യുഡിഫ് സ്ഥാനാര്‍ഥിയുടെ വിജയത്തിന് വേണ്ടി പ്രത്യേക പൂജകളും നടത്തി. പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്കായി അഗളി പഞ്ചായത്തില്‍ ഐ.ഐ.ടി.ഡി.പിയുടെ നേതൃത്വത്തില്‍ നടത്തുന്ന തൊഴിലധിഷ്ഠിത പഠന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. പഠന കേന്ദ്രത്തിലെ നൂറു കണക്കിന് സ്ത്രീകളുമായി സ്ഥാനാര്‍ഥി സംവദിച്ചു.
ആവേശത്തോടെ വിദ്യാര്‍ഥികളും
അഗളി : അട്ടപ്പാടി കോട്ടത്തറയില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ച രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജിലാണ് ആദ്യ സന്ദര്‍ശനം നടത്തിയത്. കെ.എസ്.യു പ്രവര്‍ത്തകരും മറ്റു വിദ്യാര്‍ഥികളും സ്ഥാനാര്‍ഥിക്ക് അഭിവാദ്യമര്‍പ്പിച്ച് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്. അദ്ധ്യാപകരെയും ഓരോ ക്ലാസുകളിലെ വിദ്യാര്‍ഥികളെയും കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. മികച്ച കെട്ടിടവും, ഗ്രൗണ്ടും, കോളജ് ബസ് എന്നിങ്ങനെ ഒട്ടേറെ ആവശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ സ്ഥാനാര്‍ഥിയോട് പങ്കു വെച്ചു. തുടര്‍ന്ന് ഗൂളിക്കടവിലുള്ള ഐ.എച്ച്.ആര്‍.ഡി കോളജിലും സന്ദര്‍ശനം നടത്തി. അവിടെയും വിദ്യാര്‍ഥികള്‍ ആവേശത്തോടെയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."