HOME
DETAILS
MAL
കൊവിഡ്: കേരളത്തില്‍ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന് വിദഗ്ധര്‍
backup
June 13 2020 | 04:06 AM
സ്വന്തം ലേഖിക
കൊച്ചി: കേരളത്തില്‍ കൊവിഡ് വൈറസിന്റെ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇളവുകള്‍ നല്‍കിയതോടെ യാതൊരു നിയന്ത്രണവുമില്ലാതെ മാസ്‌ക്‌പോലും ഒഴിവാക്കിയാണ് ജനങ്ങള്‍ ഒത്തുകൂടുന്നത്.
ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു ആരോഗ്യ മേഖലയിലെ പ്രമുഖ സംഘടനയുടെ ഭാരവാഹി സുപ്രഭാതത്തോട് പറഞ്ഞു.വൈറസ് വ്യാപനത്തെപ്പറ്റി ആശയക്കുഴപ്പം ഒഴിവാക്കണം. സമൂഹ വ്യാപനം,സമ്പര്‍ക്ക വ്യാപനം എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നു.സമൂഹ വ്യാപനം എന്നാല്‍ 'സ്രോതസ് ' കണ്ടെത്താനാകാത്ത കേസുകള്‍ ഉണ്ട് എന്നാണ് നിര്‍വചനം. അതായത് കോണ്‍ടാക്ട് ട്രേസിങ്ങ് കൊണ്ടു മാത്രം കാര്യമില്ലാത്ത അവസ്ഥ. ഇപ്രകാരം കേസുകള്‍ കേരളത്തിലും റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ച രോഗികളില്‍ 50 പേര്‍ക്കും സ്രോതസ്സ് കണ്ടെത്താനായില്ല. എന്നിട്ടും അവര്‍ സമൂഹവ്യാപനം ഇല്ല എന്ന് പറയുന്നത് കേന്ദ്രം അനുമതി നല്‍കാത്തത് കൊണ്ടാണെന്നാണ് ഔദ്യോഗിക വിശദീകരണം. അമേരിക്കയില്‍ അത്തരത്തിലുള്ള ആദ്യത്തെ കേസ് കണ്ടതോടെ സമൂഹവ്യാപനമുണ്ടെന്ന് ഫെബ്രുവരിയില്‍ തന്നെ അമേരിക്കയിലെ സി.ഡി.സി സ്ഥിരീകരിച്ചിരുന്നു.മാര്‍ച്ച് രണ്ടാം തീയതി ഓസ്‌ട്രേലിയയിലും ഇത്തരത്തില്‍ സ്ഥിരീകരണമുണ്ടായി. അന്ന് ഓസ്‌ട്രേലിയയില്‍ വെറും 33 രോഗികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം ഇന്ത്യയില്‍ മൂന്നു ലക്ഷം രോഗികള്‍ ഉണ്ടായിട്ടും സാമൂഹ വ്യാപനം ഇല്ല എന്നു വാശി പിടിക്കുന്നത് ശാസ്ത്രീയമായി അംഗീകരിക്കാന്‍ കഴിയില്ല. 'ആകാശത്തു നിന്നും വെള്ളത്തുള്ളികള്‍ ധാരാളമായി താഴേയ്ക്കു വീഴുന്നുണ്ട്, പക്ഷേ അതു മഴ ആണെന്നു പറയാന്‍ സാധിക്കുന്നില്ല' എന്നു പറയുന്നതു പോലെയാണ് ശാസ്ത്രം ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ഇനിയും അവകാശപ്പെടുന്നത് ജനങ്ങളില്‍ ജാഗ്രത കുറയ്ക്കുകയും വ്യാപനം കൂട്ടുകയും ചെയ്യും.അതിജീവനം നടത്തുന്നതോടൊപ്പം സാമൂഹ്യ അകലം കര്‍ശനമാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."