വീണ്ടും നിലപാട് മാറ്റി ശ്രീധരന്‍പിള്ള; ശബരിമല പ്രചാരണ വിഷയമാക്കുമെന്ന്
തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ വിവാദമായ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം പ്രചാരണ വിഷയമാക്കുമെന്ന പ്രസ്താവനയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രധരന്‍പിള്ള. ഇതു രണ്ടാം തവണയാണ് ശ്രീധരന്‍പിള്ള ശബരിമല വിഷയം പ്രചരണായുധമാക്കുന്ന കാര്യത്തില്‍ അഭിപ്രായം മാറ്റുന്നത്.
ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിയമനിര്‍മാണം നടത്താന്‍ അധികാരമുണ്ടെങ്കില്‍ അത് വിശ്വാസ സംരക്ഷണാര്‍ഥം ഉപയോഗിക്കുന്നതിന് ബി.ജെ.പി പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ വിശ്വാസികള്‍ക്കു നേരെ നടന്ന അതിക്രമങ്ങളും വേട്ടയാടലും ക്ഷേത്രവിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളും സമാധാനപരമായ രീതിയില്‍ ബോധവല്‍ക്കരണ വിഷയമാക്കാന്‍ ഓരോ ബി.ജെ.പി പ്രവര്‍ത്തകനും സ്ഥാനാര്‍ഥിക്കും അവകാശമുണ്ട്. പത്തനംതിട്ട മണ്ഡലത്തില്‍ ഇക്കാര്യം ഉയര്‍ത്തിപ്പിടിച്ച് പ്രചാരണം നടത്താന്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ താനാണെന്നും ശബരിമല പ്രധാന പ്രചാരണ വിഷയമാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും വീണ്ടും വേണം മോദി ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തി മോദി ഭരണത്തിന്റെ നേട്ടങ്ങളാകും മുഖ്യ പ്രചാരണ വിഷയമെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ഇതിനെതിരേ പാര്‍ട്ടിക്കുള്ളിലും സംഘ്പരിവാര്‍ സംഘടനകളിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് തിരുത്തി ശ്രീധരന്‍പിള്ള രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."