കൃഷ്ണകുമാര്‍ ഒട്ടും തിരക്കിലല്ല, പാര്‍ട്ടിയിലും തെരഞ്ഞെടുപ്പിലും
വന്നൂ, വന്നൂ കൃഷ്ണകുമാര്‍... ഒരു വ്യാഴവട്ടക്കാലം കൊല്ലത്തെ തെരഞ്ഞെടുപ്പ് രംഗത്ത് മുഴങ്ങിക്കേട്ട തെരഞ്ഞെടുപ്പ് ഗാനമായിരുന്നു എസ്. കൃഷ്ണകുമാറിനെക്കുറിച്ചുള്ളത്.
കെ. കരുണാകരന്റെ ഉപദേശം സ്വീകരിച്ച് ഐ.എ.എസില്‍നിന്ന് രാജിവച്ച് കോണ്‍ഗ്രസിലെത്തിയ കൃഷ്ണകുമാര്‍ 1984ല്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി. മൂന്നു തവണ കൊല്ലത്തുനിന്ന് പാര്‍ലമെന്റിലെത്തിയ കൃഷ്ണകുമാര്‍ രാജീവ് ഗാന്ധി, നരസിംഹറാവു മന്ത്രിസഭകളില്‍ ഉപമന്ത്രിയായും സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്ന് വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും പാര്‍ട്ടിയുടെ നേതൃത്വത്തിലെത്താനായില്ല.
ഒരു കാലത്ത് കരുണാകരന്റെ വിശ്വസ്തനായിരുന്ന കൃഷ്ണകുമാര്‍ പിന്നീട് ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസുകാരനായതിനെ തുടര്‍ന്നാണ് ഒടുവില്‍ മൂലയിലേക്കൊതുങ്ങിയത്. കേന്ദ്ര മന്ത്രിസഭയില്‍ ആരോഗ്യ-കുടുംബക്ഷേമം, ടെക്സ്റ്റയില്‍സ്, വാര്‍ത്താവിനിമയം, പെട്രോളിയം- പ്രകൃതി വാതകം, പ്രതിരോധം, കൃഷി തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.
കൊല്ലം സ്വദേശിയായിരുന്ന വ്യവസായി രാജന്‍പിള്ള തിഹാര്‍ ജയിലില്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദം കൃഷ്ണകുമാറിന്റെ പതനത്തിനു വഴിവച്ചു. രാജന്‍പിള്ളയെ ജയിലിലടച്ചപ്പോള്‍ സഹായിച്ചില്ലെന്ന ആരോപണമാണ് കൃഷ്ണകുമാറിനെ തിരിഞ്ഞുകുത്തിയത്. എന്നാല്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയ വടംവലിയുടെ ഭാഗമായി മാറിയ സംഭവത്തില്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനും ഇടപെടാന്‍ പരിമിതികളുണ്ടായിരുന്നപ്പോള്‍ നിസ്സഹായനായിരുന്നു കൃഷ്ണകുമാറും. രാജന്‍പിള്ളയുടെ വ്യവസായ കുടുംബത്തിന് കൊല്ലത്തെ കശുവണ്ടിത്തൊഴിലാളികള്‍ക്കിടയിലുണ്ടായിരുന്ന സ്വാധീനം 1996ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എതിര്‍ തരംഗമായി കൃഷ്ണകുമാറിനെതിരേ ആഞ്ഞുവീശി. കൂടാതെ രാജന്‍പിള്ളയുടെ ഭാര്യ നീനാ രാജന്‍പിള്ള സ്വന്തന്ത്രയായി മത്സരിച്ചത് പരാജയത്തിന്റെ ആക്കവും കൂട്ടി.
ചാരക്കേസിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ രാജിവച്ച സമയത്ത് മുഖ്യമന്ത്രി പദവിക്കായി കൃഷ്ണകുമാര്‍ നടത്തിയ കരുനീക്കം ലീഡറുടെ അപ്രീതിക്ക് കാരണമാകുകയും ചെയ്തു. ഇതിനിടെ, എ.കെ ആന്റണിയെ സ്വാധീനിച്ച് ആലപ്പുഴ സീറ്റില്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും എ ഗ്രൂപ്പ് വി.എം സുധീരനെ ആലപ്പുഴയില്‍ തീരുമാനിച്ചതോടെ കൃഷ്ണകുമാര്‍ കൊല്ലത്ത് തന്നെ ജനവിധി തേടുകയായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ആര്‍.എസ്.പി ടിക്കറ്റില്‍ ആദ്യമായി കൊല്ലത്തു മത്സരിച്ച എന്‍.കെ പ്രേമചന്ദ്രന്‍ 78,370 വോട്ടുകള്‍ക്കാണ് കൃഷ്ണകുമാറിനെ പരാജയപ്പെടുത്തിയത്.
നീനാ രാജന്‍പിള്ള പിടിച്ച 57,917 വോട്ടുകളാണ് പ്രേമചന്ദ്രന്റെ കന്നിവിജയത്തിന് ആക്കം കൂട്ടിയത്. കൃഷ്ണകുമാറിനെ കൊല്ലത്തു നിര്‍ത്തി ഐ ഗ്രൂപ്പ് തോല്‍പ്പിച്ചെന്നായിരുന്നു അക്കാലത്ത് എ ഗ്രൂപ്പ് ഉയര്‍ത്തിയ ആരോപണം.
1996ല്‍ അധികാരത്തിലെത്തിയ ദേവഗൗഡയുടെ കാലത്താണ് കോടിക്കണക്കിനു രൂപയുടെ ആദായ നികുതിവെട്ടിപ്പു കേസില്‍ കൃഷ്ണകുമാറും ഭാര്യ ഉഷാ കൃഷ്ണകുമാറും ജയിലിലായത്. ഫെറ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഇരുവരെയും മൂന്നു ദിവസം ജയിലിലടച്ചെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും അധികൃതര്‍ക്കു കഴിഞ്ഞില്ല. ഹവാല കേസില്‍ അറസ്റ്റിലായവര്‍ക്കും കള്ളക്കടത്തുകാര്‍ക്കുമൊപ്പമാണ് ഇരുവരെയും ജയിലില്‍ പാര്‍പ്പിച്ചത്.
ഡല്‍ഹിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നടന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണ് തനിക്കെതിരേയുള്ള കേസുകളെന്നായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം. 2003ല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്ന കൃഷ്ണകുമാര്‍ 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല. പാര്‍ട്ടി വിട്ടത് തിരിച്ചടിയായത് കൃഷ്ണകുമാറിന്റെ രഷ്ട്രീയ മോഹങ്ങള്‍ക്കായിരുന്നു.
യു.പി.എ ഭരണകാലത്ത് ഗവര്‍ണര്‍ പദവി പ്രതീക്ഷിച്ചിരുന്ന കൃഷ്ണകുമാറിന് കേരളത്തിലെ ഗ്രൂപ്പുകളിലൊന്നിന്റെയും പിന്തുണ ലഭിച്ചില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് കൃഷ്ണകുമാറിന്റെ പേരും കൊല്ലം മണ്ഡലത്തിലെ ചില കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നെങ്കിലും പിന്നീട് അതു കെട്ടടങ്ങി.
കൊല്ലത്തുകാരുടെ ഓര്‍മയില്‍ ഇപ്പോഴും കൃഷ്ണകുമാറിന്റെ വികസന ചിത്രങ്ങളുണ്ട്. കൊല്ലം ബൈപാസ് പൊടിതട്ടിയെടുത്ത അദ്ദേഹം കൊല്ലത്തിന്റെ വികസനത്തിന്റെ നാഴികക്കല്ലായ കൊല്ലം പോര്‍ട്ട് യാഥാര്‍ഥ്യമാക്കുന്നതില്‍ സുപ്രധാന പങ്കാണ് വഹിച്ചത്. കൊല്ലം നഗരത്തിലെ തിരക്ക് ഒഴിവാക്കാനായി നഗരത്തില്‍ മാടന്‍നടയ്ക്കു സമീപം 500 ഹെക്ടര്‍ സ്ഥലം കണ്ടെത്തി റെയില്‍വേ സ്റ്റേഷന്‍ അങ്ങോട്ടു മാറ്റാനുള്ള ബൃഹത് പദ്ധതിയും കൃഷ്ണകുമാറിന്റെ സ്വപ്നമായിരുന്നു.
കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കശുവണ്ടി മേഖലയിലെ സഹകരണ സ്ഥാപനമായ കാപെക്‌സ് രൂപീകരിച്ച് അതിന്റെ ചെയര്‍മാനായത് കൃഷ്ണകുമാറായിരുന്നു. കൊല്ലത്ത് സ്വകാര്യമേഖലയില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണമെന്ന ആഗ്രഹം ഇപ്പോള്‍ എണ്‍പതിനോടടുത്ത കൃഷ്ണകുമാറിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."