വെള്ളിയാങ്കല്ല് തടയണയിലെ ജലനിരപ്പും താഴ്ന്നുതുടങ്ങി
കൂറ്റനാട്: വേനല്‍ച്ചൂട് കനത്തതോടെ നിരവധി മേഖലകളിലേക്ക് കുടിവെള്ളം നല്‍കുന്ന വെള്ളിയാങ്കല്ല് തടയണയിലും ജലനിരപ്പ് താഴ്ന്നു. കനത്ത ചൂടുമൂലമുള്ള ജലബാഷ്പീകരണവും തടയണയിലേക്കുള്ള നീരൊഴുക്ക് കുറവും, കുടിവെള്ളവിതരണപമ്പിങ്ങുമെല്ലാം ജലനിരപ്പ് താഴ്ത്തുകയാണ്.ആഴ്ചകള്‍ക്കുമുന്‍പ് തടയണയുടെ പരമാവധി സംഭരണശേഷിയായ മൂന്നര മീറ്റര്‍ ജലനിരപ്പുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ 2.55 മീറ്ററിലേക്ക് ഇത് താഴ്ന്നുതുടങ്ങി. തടയണയുടെ മധ്യഭാഗങ്ങളില്‍ മണല്‍ത്തിട്ടകളും പുല്‍ത്തകിടുകളും പുറത്ത് കണ്ടുതുടങ്ങി. സാധാരണ മേയ് മാസംവരെ റെഗുലേറ്റര്‍ ജലസമൃദ്ധിയാല്‍ നിറഞ്ഞുകിടക്കാറുണ്ട്.
വെള്ളത്തിന് നിറവ്യത്യാസവും
ജലനിരപ്പ് താഴ്ന്നതോടെ തടയണയിലെ വെള്ളത്തിന് നിറവ്യത്യാസവും കണ്ടുതുടങ്ങി. തടയണയുടെ ഷട്ടറുകള്‍ക്കുതാഴെ വെള്ളത്തില്‍ എണ്ണമയമുള്ള കറുത്ത പാട കെട്ടിത്തുടങ്ങുകയുംചെയ്തു. ഇതോടെ കുടിവെള്ളപദ്ധതി പൈപ്പുകളിലൂടെ ലഭിക്കുന്ന വെള്ളത്തിന് നിറവ്യത്യാസം കണ്ടുവരുന്നതായും നാട്ടുകാര്‍ പറയുന്നുണ്ട്. വേനല്‍മഴ പെയ്യുന്നത് ഇനിയും നീണ്ടാല്‍ പുഴയെ ആശ്രയിച്ചുള്ള പല കുടിവെള്ളവിതരണപദ്ധതികളുടെയും പ്രവര്‍ത്തനവും അവതാളത്തിലാവുമെന്ന ആശങ്കയും ആളുകള്‍ക്കുണ്ട്. മുന്‍കാലങ്ങളില്‍ വേനല്‍മഴ ലഭിച്ചാല്‍ ഷട്ടറുകള്‍ ഉയര്‍ത്തി അടിഞ്ഞുകൂടിയ മാലിന്യങ്ങളൊഴുക്കിവിട്ട് തടയണ ശുദ്ധീകരിക്കാറുണ്ടായിരുന്നു. ഇത്തവണ അതിന് സാധിക്കാത്തത് വെള്ളം കൂടുതല്‍ മലിനമാവാന്‍ ഇടയാക്കുകയുംചെയ്തു. പട്ടാമ്പി, തൃത്താല നഗരങ്ങളിലെ അഴുക്കുചാലുകള്‍ ഇപ്പോഴും പുഴയിലേക്കുതന്നെയാണ് തുറന്നിരിക്കുന്നതും.
വലിയൊരു പ്രദേശത്തെ കുടിവെള്ളസ്രോതസ്
ജില്ലയില്‍ പട്ടാമ്പി താലൂക്കിലെ എട്ടോളം പഞ്ചായത്തുകള്‍, തൃശൂര്‍ ജില്ലയിലെ ചാവക്കാട്, കുന്നംകുളം, ഗുരുവായൂര്‍ നഗരസഭകള്‍, അഞ്ച് പഞ്ചായത്തുകള്‍ എന്നിവയുടെയെല്ലാം പ്രധാന കുടിവെള്ളസ്രോതസാണ് ഭാരതപ്പുഴയിലെ വെള്ളിയാങ്കല്ല് തടയണ. തടയണ വറ്റിയാല്‍ ഇവയുടെ പ്രവര്‍ത്തനം സ്തംഭിച്ച് പ്രദേശങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലമരും.
പുഴ മെലിയുമ്പോള്‍ തൃത്താലയും കൊടുംചൂടില്‍ വരണ്ടുണങ്ങുകയാണ്. മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളെയെല്ലാം കൊടുംചൂടും കുടിവെള്ളക്ഷാമവും പൊറുതിമുട്ടിക്കുകയാണ്. പാവറട്ടി പദ്ധതിവഴി തൃത്താലയിലേക്കുള്ള കുടിവെള്ളവിതരണവും പലപ്പോഴും മുടങ്ങുന്നുണ്ട്. ഒരുദിവസം വെള്ളം ലഭിച്ചാല്‍ പിന്നെ ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ്. വെള്ളം ലഭിക്കാതായതോടെ തൃത്താല വാട്ടര്‍ അതോറിറ്റി ഓഫിസ് ദിവസങ്ങക്കുമുന്‍പ് യു.ഡി.എഫ് പ്രവര്‍ത്തകരും,നാട്ടുകാരും ഉപരോധിച്ചിരുന്നു.
മോട്ടോര്‍ത്തകരാറും വൈദ്യുതി മുടക്കവുമെല്ലാം കാരണം തുടര്‍ച്ചയായ പമ്പിങ്ങ് നടക്കുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വെള്ളിയാങ്കല്ല് തടയണയില്‍ പ്രളയത്തില്‍ തകര്‍ന്ന കിണറുകളിലെ അറ്റകുറ്റപ്പണികളും ഒലിച്ചുപോയ പൈപ്പുകള്‍ പുനര്‍നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങളും വൈകുകയാണ്.
സമീപജില്ലകളിലേക്ക് പദ്ധതിയിലൂടെ വെള്ളമെത്തുമ്പോള്‍ തൃത്താല മേഖലയിലെ പല പ്രദേശങ്ങളും കുടിവെള്ളക്ഷാമത്താല്‍ വരളുകയാണ്. ഇത് അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു. ഇതിനെതിരെയാണ് ദിവസങ്ങള്‍ക്കു മുമ്പ് ഓഫീസ് ഉപരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."