HOME
DETAILS
MAL
സംസ്‌കരിക്കാന്‍ ഇടമില്ലാതെ ഡല്‍ഹിയിലെ ശ്മശാനങ്ങള്‍
backup
June 14 2020 | 03:06 AM
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ആളുകള്‍ കൂട്ടത്തോടെ മരിച്ചു വീണു തുടങ്ങിയതോടെ സംസ്‌കരിക്കാന്‍ ഇടമില്ലാതെ ഡല്‍ഹിയിലെ ശ്മശാനങ്ങള്‍. സാഹചര്യം കണക്കിലെടുത്ത് മൃതദേഹങ്ങള്‍ വൈദ്യുതി ഉപയോഗിച്ച് ദഹിപ്പിക്കുന്നതിന് പുറമെ മരം ഉപയോഗിച്ചും ദഹിപ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അതിനായി സൗകര്യങ്ങള്‍ മതിയാകാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം ഡല്‍ഹിയിലെ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുകയാണ്. കൊവിഡ് രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഏറ്റവും കടുത്ത സാഹചര്യമാണ് ഡല്‍ഹിയിലുള്ളത്. ഒരു ദിവസം 65 മൃതദേഹങ്ങളാണ് പഞ്ചാബി ബാഗിലെ ശ്മശാനത്തില്‍ പരാമവധി സംസ്‌കരിക്കാനാവുക. എന്നാല്‍ ദിവസവും എത്തുന്നത് അതില്‍ കൂടുതല്‍ മൃതദേഹങ്ങളാണ്.
സ്ഥലമില്ലാത്തതിനാല്‍ മൃതദേഹങ്ങളുമായെത്തുന്ന ആംബുലന്‍സുകള്‍ തിരിച്ചു പോകുകയും മൃതദേഹങ്ങള്‍ വീണ്ടും ആശുപത്രിയില്‍ തന്നെ എത്തിക്കുകയും ചെയ്യുകയാണ് പതിവ്. ചിലപ്പോള്‍ ഒരിക്കല്‍ സംസ്‌കരിക്കാന്‍ അയച്ച മൃതദേഹങ്ങള്‍ തിരിച്ചെത്തിയാല്‍ ഏറ്റെടുക്കാന്‍ ആശുപത്രി അധികൃതര്‍ തയാറാകാറില്ല. ഇതും വലിയ പ്രതിസന്ധിയാവുന്നുണ്ട്. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ബന്ധുക്കളും ക്വാറന്റീനില്‍ പോകേണ്ടിവരുന്നതിനാല്‍ മൃതദേഹങ്ങളെ ബന്ധുക്കള്‍ക്ക് അനുഗമിക്കാന്‍ സാധ്യമല്ല. ഒരു ശ്മശാനത്തിലേക്ക് 15 ആശുപത്രികളിലെ മൃതദേഹങ്ങള്‍ എന്ന തരത്തിലാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ക്രമീകരണം.
ഡല്‍ഹി ഗേറ്റിനടത്തുള്ള ഖബര്‍സ്ഥാനിലും സമാനമായ സാഹചര്യമാണുള്ളത്. ഏപ്രില്‍ ഒന്നു മുതല്‍ കൊവിഡ് ബാധിച്ച മരിച്ച 300 മൃതദേഹങ്ങള്‍ ഇവിടെ അടക്കം ചെയ്തു. എന്നാല്‍ ഇപ്പോള്‍ എത്തുന്ന മൃതദേഹങ്ങളുടെ ആധിക്യം കാരണം സംസ്‌കരിക്കാന്‍ കഴിയുന്നില്ല. ദിവസവും പത്തിലധികം മൃതദേഹങ്ങള്‍ ഇവിടെയെത്തും. നിലവില്‍ സ്ഥലമുണ്ടെങ്കിലും ഈ സ്ഥിതി തുടര്‍ന്നാല്‍ ഈ മാസം അവസാനത്തോടെ ഖബര്‍ കുഴിക്കാന്‍ പോലും സ്ഥലമില്ലാതാവുമെന്ന് ഖബര്‍സ്ഥാന്‍ പരിപാലന കമ്മിറ്റി അംഗം മസ്‌റൂര്‍ സിദ്ദീഖി പറയുന്നു. മംഗോള്‍പുരി, ദ്വാരക, ഖാദര്‍, ഗാസിപൂര്‍ എന്നിവിടങ്ങളിലെ ഖബര്‍സ്ഥാനുകളിലും കൊവിഡ് മൂലം മരിച്ചവരെ അടക്കം ചെയ്യുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ എത്തുന്നത് ഡല്‍ഹി ഗേറ്റ് ഖബര്‍സ്ഥാനിലാണ്.
ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍, ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ എന്നിവരുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."