ലൈനില്‍ തെങ്ങ് വീണു; എടച്ചേരിയില്‍ ഏറെനേരം വൈദ്യുതി മുടങ്ങി
എടച്ചേരി: പതിനൊന്ന് കെ.വി ലൈനില്‍ തെങ്ങ് കടപുഴകി വീണ് എടച്ചേരിയില്‍ ഏറെ നേരം വൈദ്യുതി മുടങ്ങി. ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലുമാണു തെങ്ങ് ലൈനില്‍ പതിച്ചത്.
പുതിയങ്ങാടി-കുനിയില്‍താഴെ റോഡില്‍ താഴെതുണ്ടിയില്‍ മുക്കിലാണു രാത്രി പത്തോടെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് വീണത്. ഏറെനേരം തെങ്ങ് കമ്പിയില്‍ തൂങ്ങിക്കിടന്നെങ്കിലും, വൈദ്യുതിലൈന്‍ പൊട്ടിവീഴാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. തുടര്‍ന്ന്, ഇന്നലെ രാവിലെ പത്തിന് എടച്ചേരി ഇലക്ട്രിസിറ്റിയില്‍ നിന്നു ജീവനക്കാരെത്തിയാണു തെങ്ങ് മുറിച്ചുമാറ്റിയത്.
കുനിയില്‍താഴ അരീക്കര ട്രാന്‍സ്‌ഫോമറില്‍ നിന്ന് പുതിയങ്ങാടിയിലൂടെ കടന്നുപോകുന്ന ഈ 11 കെ.വി ലൈന്‍ നാട്ടുകാര്‍ക്ക് ഏറെ കാലമായി ഭീഷണിയാവുകയാണ്.
മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ ലൈന്‍ സ്ഥാപിച്ചത്. ഉയര്‍ന്ന വോള്‍ട്ടേജില്‍ കടന്നുപോകുന്ന ഈ കമ്പിയില്‍ എന്തെങ്കിലും ചെറിയ വസ്തു പതിച്ചാല്‍ ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറിയും തീജ്വാലയുമുണ്ടാകല്‍ പതിവാണ്. തുടര്‍ന്നുണ്ടാകുന്ന വോള്‍ട്ടേജ് വ്യതിയാനത്തില്‍ വീടുകളിലുള്ള ടി.വി, റഫ്രിജറേറ്റര്‍, കംപ്യൂട്ടര്‍, എ.സി, ബള്‍ബുകള്‍ തുടങ്ങിയവ കേടുവരുന്നതും പതിവാണ്.
ലൈനിലേക്കു വീഴാനിടയുള്ള തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള മരങ്ങള്‍ മുറിച്ചുമാറ്റണമെന്നു നാട്ടുകാര്‍ വൈദ്യുതി അധികൃതരോടു പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
എന്നാല്‍, വല്ലപ്പോഴുമെത്തുന്ന ജീവനക്കാര്‍, ലൈനില്‍ പതിക്കാനിടയുണ്ടെന്നു പറഞ്ഞ് എളുപ്പം മുറിച്ചുമാറ്റാനാകുന്ന മാവിന്‍തൈകളും വീട്ടുകാരുടെ എതിര്‍പ്പു വകവയ്ക്കാതെ മുറിച്ചുമാറ്റാറുണ്ട്. അതേസമയം, ലൈനിനു ഭീഷണിയായി അപകടകരമാം വിധത്തില്‍ നില്‍ക്കുന്ന മരങ്ങളോ അവയുടെ കൊമ്പുകളോ മുറിച്ചുമാറ്റാന്‍ ഇവര്‍ തയാറാകാറുമില്ല. ഈ വൈദ്യുതി ലൈനില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍ക്ക് അറുതി വരുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയുമുണ്ടാകാത്തതില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."