യു.പിയില്‍ എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ളയാള്‍ ഓപ്പറേഷന്‍ നടത്തുന്നു
ലക്‌നൗ: ആരോഗ്യ രംഗത്തെ പുരോഗതിയെക്കുറിച്ച് കേരളം ഉത്തര്‍പ്രദേശിനെ കണ്ടുപഠിക്കണമെന്നായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉപദേശം. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ആശുപത്രി ഉടമ രോഗികളെ ശസ്ത്രക്രിയ ചെയ്ത വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഷാംലി ജില്ലയിലെ ആര്യന്‍ ആശുപത്രിയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നര്‍വേദ് സിങ് രോഗികളെ ശസ്ത്രക്രിയ ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഇതേ ആശുപത്രിയിലെ വനിതാ കമ്പോണ്ടര്‍ രോഗികള്‍ക്ക് അനസ്‌തേഷ്യ നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു.
ചികിത്സാ പിഴവുകളുടെ പേരില്‍ മൂന്ന് തവണ ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിട്ടുമുണ്ട്. എന്നാല്‍ ബി.ജെ.പി നേതാക്കളുടെ സഹായത്താല്‍ നര്‍ദേവ് ഇതെല്ലാം മറികടക്കുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരുപതില്‍ അധികം രോഗികള്‍ ചികിത്സാ പിഴവുമൂലം ഈ ആശുപത്രിയില്‍നിന്നു മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാംലിയിലെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് അജ്ഞാതന്‍ അയച്ച സിഡിയില്‍ നിന്നുമാണ് ഓപ്പറേഷന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. നര്‍വേദ് സിങ് ശസ്ത്രക്രിയ നടത്തുന്നതും വനിതാ കമ്പോണ്ടര്‍ അനസ്‌തേഷ്യ നല്‍കുന്നതുമായ ദൃശ്യങ്ങളാണ് സിഡിയില്‍ ഉണ്ടായിരുന്നത്. സംഭവം ഗൗരവമായി അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."