ഹെല്‍പിങ് ഹാന്‍ഡ്‌സ് കെയര്‍ ഹോം 31ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ എത്തുന്ന നിര്‍ധന രോഗികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കുന്ന ഹെല്‍പിങ് ഹാന്‍ഡ്‌സ് ചാരിറ്റബിള്‍ ട്രസ്റ്റി കെയര്‍ ഹോം ഉദ്ഘാടനം 31ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കാന്‍സര്‍, വൃക്ക രോഗികള്‍ക്ക് ആശ്വാസമാകുന്നതാണ് പദ്ധതിയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കീമോ തൊറാപ്പി ചെയ്യുന്നവര്‍ക്കും വൃക്ക മാറ്റിവച്ചവര്‍ക്കും മെഡിക്കല്‍ കോളജിലെ ചികിത്സാ കാലയളവില്‍ സൗജന്യമായി താമസിക്കാനും മികച്ച പരിചരണം ഉറപ്പാക്കാനുമാണ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തിനടുത്ത് കെയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങുന്നത്. മെഡിക്കല്‍ കോളജ് പരിസരത്തോട് ചേര്‍ന്നുള്ള ഏഴുനില കെട്ടിടത്തില്‍ വൃത്തിയുള്ളതും അണുവിമുക്തവുമായ പരിചരണമാണ് വാഗ്ദാനം ചെയ്യുന്നത്. പൂര്‍ണമായും ശീതികരിച്ച കെട്ടിടത്തില്‍ മൂന്നു നിലകളിലായാണ് നൂറോളം രോഗികള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. രോഗികള്‍ക്കു പുറമെ കൂട്ടിരിക്കുന്നവര്‍ക്കുമടക്കം 150 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ട്. രക്താര്‍ബുദത്തിനു ചികിത്സ തേടുന്ന കുട്ടികള്‍ക്കായി മിനി പാര്‍ക്കും ലൈബ്രറിയും അടക്കമുള്ള ക്രമീകരണങ്ങളും ഉണ്ട്. കുട്ടികള്‍ക്ക് മാത്രമായി ജനറല്‍ വാര്‍ഡുമുണ്ട്. സന്ദര്‍ശകര്‍ക്ക് വിലക്കുള്ളതിനാല്‍ രോഗികളുമായി സംവദിക്കാന്‍ വിഡിയോ കോണ്‍ഫറസ് ഹാളും ഉണ്ട്. ഭക്ഷണവും താമസവും പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് ചെയര്‍മാന്‍ പി.കെ അഹമ്മദ് പറഞ്ഞു.
ഓരോ വിഭാഗത്തിലെയും മേധാവികളുടെ നിര്‍ദേശപ്രകാരമാണ് ആളുകളെ തിരഞ്ഞെടുക്കുക. ഒപ്പം തിരഞ്ഞെടുക്കപ്പെടുന്നവരുടെ ജീവിത ചുറ്റുപാടുകളും പൂര്‍ണമായും അന്വേഷിച്ച ശേഷം മാത്രമേ പ്രവേശനം സാധ്യമാകുകയുള്ളൂ. കെയര്‍ ഹോം പ്രൊജക്ട് സെക്രട്ടറി എം.കെ നൗഫല്‍, കെ.വി നിയാസ്, പി.പി സക്കീര്‍ കോവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."