മഴുവഞ്ചേരി തുരുത്തിലേക്കുള്ള പാലം തകര്‍ച്ചയില്‍
കയ്പമംഗലം: പടിയൂര്‍ പഞ്ചായത്തിലെ മഴുവഞ്ചേരി തുരുത്തിലേക്ക് പെരിഞ്ഞനം ചക്കരപ്പാടത്തു നിന്നുള്ള പാലം തകര്‍ച്ചയില്‍. കനോലി കനാലിനു കുറുകെയുള്ള പാലം ഏകദേശം നാല്‍പ്പതാണ്ട് പഴക്കമുള്ളതാണ്. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നും തൂണുകള്‍ ദ്രവിച്ച് കമ്പി പുറത്തായ നിലയിലുമാണ്. കാല്‍നൂറ്റാണ്ട് കാലത്തെ ഉറപ്പ് മാത്രം രേഖപ്പെടുത്തിയ പാലം ഒന്നര പതിറ്റാണ്ടു കൂടി അധികം പിന്നിട്ടിട്ടും ആരും തിരിഞ്ഞു നോക്കിയിട്ടില്ല. തുരുത്തിലെ നൂറ്റി നാല്‍പതോളം വരുന്ന കുടുംബങ്ങള്‍ക്ക് ഏക ആശ്രയമാണ് ഈ പാലം. പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം, ആര്‍.എം.വി.എച്ച്.എസ് സ്‌കൂള്‍, പൊന്‍മാനിക്കുടം ജുമുഅ മസ്ജിദ് തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളിലേക്കടക്കം എത്തിപ്പെടാന്‍ തുരുത്തിലെ ജനങ്ങള്‍ ആശ്രയിക്കുന്നത് തകര്‍ന്നു വീഴാറായ ഈ പാലമാണ്. പാലം തകരുന്ന പക്ഷം ആറു കിലോമീറ്ററിലധികം ചുറ്റിവളഞ്ഞ് വേണം തുരുത്തുകാര്‍ക്ക് വീടണയാന്‍ എന്നതാണ് തുരുത്തുകാരെ ഏറെ ദുരിതത്തിലാക്കുന്നത്. പാലം ഭീഷണിയിലായത്തോടെ പെരിഞ്ഞനം പഞ്ചായത്തധികൃതര്‍ പ്രദേശത്ത് അപായ സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അപകടാവസ്ഥയിലായ മഴുവഞ്ചേരി തുരുത്തിലേക്കുള്ള പാലം പുനര്‍ നിര്‍മിക്കാന്‍ അധികൃതര്‍ ഉടന്‍ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."