കെ.എന്‍.എം പ്രസിഡന്റിന്റെ നാട്ടില്‍ മര്‍കസുദ്ദഅ്‌വ വിഭാഗത്തിന്റെ പ്രഖ്യാപന സമ്മേളനം
കോഴിക്കോട്: പഴയ മടവൂര്‍ വിഭാഗത്തിന്റെ മുതിര്‍ന്ന നേതാക്കളായ സി.പി ഉമര്‍ സുല്ലമിയേയും ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയേയും മുജാഹിദ് പണ്ഡിതസഭ പുറത്താക്കിയതിനു പിന്നാലെ ചേരി തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളും സജീവം. കെ.എന്‍.എം സംസ്ഥാന പ്രസിഡന്റിന്റെ നാടായ കടലുണ്ടിയില്‍ മര്‍കസുദ്ദഅ്‌വ വിഭാഗത്തിന്റെ പ്രഖ്യാപന സമ്മേളനം സി.പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കടലുണ്ടി മുജാഹിദ് സെന്ററില്‍ ഇന്നലെ വൈകിട്ട് ഏഴിനായിരുന്നു ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ മര്‍കസുദ്ദഅ്്‌വ വിഭാഗം ഒത്തുചേര്‍ന്നത്.
കഴിഞ്ഞ ദിവസം മുതിര്‍ന്ന മുജാഹിദ് നേതാക്കളെ പുറത്താക്കിയ ശേഷം മര്‍കസുദ്ദഅ്‌വ വിഭാഗത്തിന്റെ ആദ്യ സംഗമമാണിത്. മടവൂര്‍ വിഭാഗം സംഘടനയുണ്ടായിരുന്നപ്പോള്‍ കെ.എന്‍.എം സംസ്ഥാന പ്രസിഡന്റായിരുന്നു ഉമര്‍ സുല്ലമി. കഴിഞ്ഞ ദിവസം നടന്ന കേരള ജംഇയ്യത്തുല്‍ ഉലമയുടെ യോഗത്തില്‍ സുല്ലമിയെയും ഫാറൂഖിയെയും ക്ഷണിക്കാതെ ഇവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുകയായിരുന്നു. ഇവരെ പുറത്താക്കിയ വിവരം സ്ഥിരീകരിക്കാന്‍ സി.ഡി ടവര്‍ വിഭാഗം തയാറായിട്ടുമില്ല. ഇതിനിടെയാണ് സംഘടനയെ ഞെട്ടിച്ച് സുല്ലമിയുടെ നേതൃത്വത്തില്‍ സമ്മേളനം നടന്നത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ക്കെതിരേയുണ്ടായ നടപടിയില്‍ അണികള്‍ക്കിടയിലും ഭിന്നത രൂക്ഷമാണ്. സുല്ലമിയില്ലാത്ത മുജാഹിദ് പ്രസ്ഥാനമോയെന്ന ചോദ്യം ഉന്നയിച്ച് മുജാഹിദ് ഗ്രൂപ്പുകളില്‍ ചര്‍ച്ച സജീവമാണ്.
സംഘടനാപരവും ആശയപരവുമായ ഭിന്നത രൂക്ഷമായതോടെയാണ് മുജാഹിദില്‍ ഐക്യത്തിനു ശേഷം വീണ്ടും പിളര്‍പ്പിന് കാരണമാകുന്ന നടപടികളുണ്ടാകുന്നത്. തൗഹീദ് (ഏകദൈവ വിശ്വാസം) സംബന്ധിച്ച ഭിന്നതയും ജിന്ന്- സിഹ്‌റ് (മാരണം) തുടങ്ങിയ വിഷയങ്ങളിലും മര്‍കസുദ്ദഅ്‌വ വിഭാഗത്തിന് ഐക്യ ശേഷവും ഒത്തുപോകാനായിരുന്നില്ല. ഇതുസംബന്ധിച്ച് മുജാഹിദ് പ്രസിദ്ധീകരണങ്ങളില്‍ വന്ന ലേഖനം പിന്‍വലിക്കണമെന്ന മര്‍കസുദ്ദഅ്‌വ വിഭാഗത്തിന്റെ ആവശ്യം സി.ഡി ടവര്‍ വിഭാഗം തള്ളുകയും അവരെ പുറത്താക്കുകയായിരുന്നുവെന്നും അണികള്‍ പറയുന്നു. എന്നാല്‍ ഐക്യശേഷവും പണ്ഡിതസഭയുടെ യോഗങ്ങളില്‍ പങ്കെടുക്കാത്ത നേതാക്കളെ മാറ്റിനിര്‍ത്തിയതാണെന്നും പകരം രണ്ടുപേരെ അവിടേക്ക് ഉള്‍ക്കൊള്ളിച്ചുവെന്നുമാണ് സി.ഡി ടവര്‍ വിഭാഗം അണികളോട് വിശദീകരിക്കുന്നത്. ഏറ്റവും മുതിര്‍ന്ന നേതാവിനെ പുറത്താക്കിയെന്ന് പറയാന്‍ സി.ഡി ടവര്‍ വിഭാഗത്തിന് ധൈര്യമില്ലെന്നും അണികളുടെ കൊഴിഞ്ഞുപോക്ക് തടയുകയാണ് ഈ വിശദീകണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നുമാണ് മറുപക്ഷത്തിന്റെ നിരീക്ഷണം. അണികളുടെ പിന്തുണയുള്ളതിനാല്‍ സംഘടനയില്‍ ആധിപത്യം സ്ഥാപിക്കാനാണ് മര്‍കസുദ്ദഅ്‌വ വിഭാഗത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് പ്രഖ്യാപന സമ്മേളനം.
അടുത്ത ദിവസം തങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന കൂടുതല്‍ നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ നീക്കം ശക്തമാക്കിയത്. കെ.എന്‍.എം പുനഃസംഘടനാ കാംപയിന്‍ നടക്കുന്ന സമയത്തുള്ള നേതാക്കള്‍ക്കെതിരേയുള്ള നടപടി മുതലെടുക്കാനാണ് മര്‍കസുദ്ദഅ്‌വ വിഭാഗത്തിന്റെ നീക്കം. ഈഘട്ടത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ഇന്നലെ നടന്ന യോഗം ചര്‍ച്ചചെയ്തു. ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് വിസ്ഡം ഗ്രൂപ്പിലേക്ക് നിരവധി പേര്‍ മാറിയതോടെ പഴയ കാലത്തെ ശക്തി അവര്‍ക്ക് ഇപ്പോഴില്ലെന്നും സംഘടനയെ പിടിച്ചെടുക്കാമെന്നുമാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഹുസൈന്‍ മടവൂര്‍ ഇപ്പോഴും സി.ഡി ടവര്‍ വിഭാഗത്തിനൊപ്പം ഉറച്ചു നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."