വീട് തകര്‍ന്ന് വീണ് യുവാവിന് പരുക്ക്
കൊടുങ്ങല്ലൂര്‍: മേത്തലയില്‍ വീട് തകര്‍ന്ന് വീണ് യുവാവിന് പരുക്കേറ്റു. മേത്തല ഫിനിക്‌സ് സ്‌കൂള്‍ ജംഗ്ഷന് പടിഞ്ഞാറ് വശം കുരിശിങ്ങ പറമ്പില്‍ ജ്യോതി ലക്ഷ്മിയുടെ ഓട് മേഞ്ഞ വീടാണ് പാടെ നിലംപതിച്ചത്.
ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. വീടിന്റെ മേല്‍ക്കൂര താങ്ങി നിര്‍ത്തിയിരുന്ന കോണ്‍ക്രീറ്റ് തൂണ് ഒടിഞ്ഞതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന ജ്യോതി ലക്ഷ്മിയും മകന്‍ മനോജും പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ വീടിന്റെ മേല്‍ക്കൂര ഇവരുടെ ദേഹത്തേക്ക് വീണു. അമ്മയെ രക്ഷിക്കാനായി ശ്രമിച്ച മനോജി(21) ന് പരുക്കേറ്റു.
ജ്യോതി ലക്ഷ്മി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സര്‍ക്കാരിന്റെ ഭൂവിലനിര്‍ണ്ണയത്തിലെ അപാകത മൂലം വിലക്കു വാങ്ങിയ ഭൂമി റജിസ്‌ട്രേഷന്‍ നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. ഭൂമിക്ക് വന്‍ വില നിശ്ചയിച്ചിട്ടുള്ളത് കൊണ്ട് മുദ്രപത്രത്തിനും രജിസ്‌ട്രേഷന്‍ ഫീസിനുമായി ഒന്നര ലക്ഷത്തോളം രൂപ ചിലവ് വരും. ഭര്‍ത്താവ് മരിച്ച ഹോട്ടല്‍ തൊഴിലാളിയായ ജ്യോതി ലക്ഷ്മിക്ക് ഈ തുക കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ്.
പണമില്ലാത്തത് മൂലം ഭൂമിയുടെ റജിസ്‌ട്രേഷന്‍ നീണ്ടുപോകുന്നതിനാല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് വീടുപണിയാമെന്ന ആഗ്രഹവും നടക്കുന്നില്ല. ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കി മാസങ്ങള്‍ ഏറെയായെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഫലത്തില്‍ അധികൃതരുടെ അനാസ്ഥയാണ് ഈ കുടുംബത്തിന്റെ ഈ ദുരവസ്ഥക്ക് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."