HOME
DETAILS
MAL
ഇന്ധനവില വര്‍ധനവിനെതിരേ പ്രത്യക്ഷ സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്
backup
June 15 2020 | 03:06 AM
തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. വൈദ്യുതി ബില്ലിന്റെ പേരില്‍ കേരള സര്‍ക്കാരും തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാരും ജനങ്ങളെ ശ്വാസംമുട്ടിച്ച് കൊല്ലുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
കേരള സര്‍ക്കാരിന്റെ അമിത വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരേ നാളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരമുഖത്താണ്. ഇന്ധനവില വര്‍ധനവിനെതിരേയുള്ള ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാനുമുള്ള സമരവേദിയായി അന്നത്തെ സമരത്തെ കോണ്‍ഗ്രസ് മാറ്റും. വരും ദിവസങ്ങളില്‍ ഇന്ധനവില വര്‍ധനവിനെതിരേ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്നുമാസംകൊണ്ട് ഇന്ധനവിലയിലൂടെ മാത്രം 2.5 ലക്ഷം കോടി ശേഖരിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ചു. രാജ്യം മഹാമാരിയെ നേരിടുകയും ജനങ്ങള്‍ സാമ്പത്തികമായി പ്രതിസന്ധി നേരിടുകയും ചെയ്യുന്ന അവസരത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ക്രൂര നടപടി. എണ്ണ കുത്തക കമ്പനികള്‍ക്കും കോര്‍പറേറ്റ് ഭീമന്മാര്ക്കും കൊള്ളലാഭം ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്യുന്നു.
സാധാരണക്കാരെ കണ്ടില്ലെന്ന് നടിക്കുന്നു. ഇരു സര്‍ക്കാരും കൊവിഡ് മഹാമാരിയേക്കാള് രാജ്യത്ത് ഭീകരമായ ദുരന്തമാണ് വരുത്തിവയ്ക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."