HOME
DETAILS
MAL
ഇടുക്കി രണ്ടാം വൈദ്യുതി നിലയം: എട്ടരക്കോടിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ വാപ്‌കോസിന്
backup
June 15 2020 | 03:06 AM
പമ്പ്ഡ് സ്റ്റോറേജ് സംബന്ധിച്ചും പഠനം നടത്തും
ബാസിത് ഹസന്‍
തൊടുപുഴ: ഇടുക്കി രണ്ടാം വൈദ്യുതി നിലയം സംബന്ധിച്ച് വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ വാപ്‌കോസിന് (വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസ്). സംസ്ഥാനത്തിന്റെ പീക്ക് ലോഡ് വൈദ്യുതി ആവശ്യം മുന്‍നിര്‍ത്തി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിക്കായി കെ.എസ്.ഇ.ബി സിവില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ സെന്‍ട്രല്‍ ചീഫ് എന്‍ജിനീയറാണ് 15 കോടിയുടെ ടെണ്ടര്‍ ക്ഷണിച്ചത്.
സ്വിറ്റ്‌സര്‍ലന്റ് കമ്പനിയടക്കം നാല് കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുത്തെങ്കിലും നിര്‍ദേശിച്ച മാനദണ്ഡങ്ങളെല്ലാം നിലനിര്‍ത്തി കുറഞ്ഞ തുകയായ എട്ടരക്കോടി രേഖപ്പെടുത്തിയത് കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള വാപ്‌കോസാണ്. ഇതുസംബന്ധിച്ചുള്ള ബോര്‍ഡ് ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
വാണിജ്യ സാധ്യത റിപ്പോര്‍ട്ട് ഒരുമാസത്തിനകവും സാധ്യതാ പഠന റിപ്പോര്‍ട്ട് നാല് മാസത്തിനകവും സമര്‍പ്പിക്കണം. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടും (ഡി.പി.ആര്‍) പരിസ്ഥിതി പ്രത്യാഘാത വിലയിരുത്തല്‍ റിപ്പോര്‍ട്ടും 18 മാസത്തിനകവും സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പുതിയ പവര്‍ഹൗസിന്റെ സ്ഥാനം, ആവശ്യമായി വരുന്ന സ്ഥലം, വൈദ്യുതി ഉല്‍പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം ഒഴുക്കേണ്ട സ്ഥലം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, നിര്‍മാണ ചെലവ് തുടങ്ങി എല്ലാം വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടാണ് തയാറാക്കേണ്ടത്. പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയുടെ സാധ്യതയും വാപ്‌കോസ് പഠനവിധേയമാക്കും. വൈദ്യുതി ഉല്‍പാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളം വീണ്ടും പമ്പുചെയ്ത് റിസര്‍വോയറില്‍ എത്തിക്കുന്ന പദ്ധതിയാണിത്.
കെ.എസ്.ഇ.ബി ഇന്‍വെസ്റ്റിഗേഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ആര്‍. റെജുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്‍സള്‍ട്ടന്‍സിയെ നിയമിക്കണമെന്ന നിര്‍ദേശം വൈദ്യുതി ബോര്‍ഡ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. പമ്പ്ഡ് സ്റ്റോറേജ് പദ്ധതി പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്.
മണ്‍സൂണ്‍ സീസണുകളില്‍ ഡാം നിറയുന്ന അവസരത്തില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയേണ്ട സാഹചര്യം ഒഴിവാക്കുന്നതോടൊപ്പം പീക്ക് സമയങ്ങളില്‍ പുറത്തുനിന്നു കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കാനും ഇടുക്കി എക്‌സ്റ്റെന്‍ഷന്‍ സ്‌കീമിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ തന്നെ സമീപ നാളിലെ കെ.എസ്.ഇ.ബിയുടെ ഏറ്റവും ബൃഹത്തായ പദ്ധതിയായി ഇത് മാറുമെന്നാണ് കരുതപ്പെടുന്നത്. 2500 കോടിയോളം രൂപയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."