മീന്‍ പിടിക്കാന്‍ ചെക്ക്ഡാമിലെ ജലം സാമൂഹിക വിരുദ്ധര്‍ ഒഴുക്കിക്കളഞ്ഞു
നെടുങ്കണ്ടം: തൂക്കുപാലം പാലത്തിന് സമീപം കല്ലാര്‍ പുഴയില്‍ ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച ചെക്ക് ഡാമിലെ വെള്ളം കഴിഞ്ഞദിവസം രാത്രി മീന്‍പിടുക്കാന്‍ വേണ്ടി സാമൂഹികവിരുദ്ധര്‍ ഒഴുക്കിക്കളഞ്ഞു. ഇതോടെ പുഴയ്ക്ക് ഇരുവശങ്ങളിലും താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ നിത്യോപയോഗ ആവശ്യങ്ങള്‍ക്ക് വെള്ളമില്ലാതെ വലയുകയാണ്.
രാത്രിയില്‍ കറങ്ങിനടക്കുന്ന മീന്‍പിടുത്ത സംഘങ്ങളാണ് ഇതിനു പിന്നിലെന്നു നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ മാസം മുണ്ടിയെരുമ, കല്ലാര്‍ ഭാഗങ്ങളിലും സമാന സംഭവം ഉണ്ടായി. വെള്ളം നിറഞ്ഞുകിടന്ന ചെക്ക്ഡാമില്‍ നിന്നാണ് തൂക്കുപാലം മുതല്‍ ബാലഗ്രാം വരെ പുഴയ്ക്ക് സമീപം താമസിക്കുന്നവര്‍ കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും വെള്ളമെടുത്തിരുന്നത്. വെള്ളം ഒഴുകിപ്പോയതോടെ ഇത് നിലച്ചു. പുഴയില്‍ അവശേഷിക്കുന്നത് മലിനമായ വെള്ളമാണ്. വേനല്‍ രൂക്ഷമായിട്ടും ചെക്ക്ഡാമില്‍ വെള്ളം ഉണ്ടായിരുന്നതിനാല്‍ സമീപത്തെ കിണറുകള്‍ വറ്റിയിരുന്നില്ല. എന്നാല്‍ വെള്ളമില്ലാതായതോടെ കിണറുകളിലെ ജലനിരപ്പ് കുറയാന്‍ തുടങ്ങിയെന്നും നാട്ടുകാര്‍ പറയുന്നു.
രാത്രിയില്‍ വലയും മീന്‍പിടുത്തത്തിനുള്ള വൈദ്യുത ഉകരണങ്ങളുമായി കറങ്ങിനടക്കുന്ന സംഘങ്ങള്‍ മേഖലയില്‍ വ്യാപകമാണ്. കല്ലാര്‍ പുഴയില്‍ സ്ഥാപിച്ച ചെക്ക്ഡാമുകളും വെള്ളം കെട്ടിനില്‍ക്കുന്ന പുഴയുടെ ആഴമുള്ള ഭാഗങ്ങളുമാണ് ഇവരുടെ പ്രധാന കേന്ദ്രങ്ങള്‍. ചെക്ക്ഡാമുകളിലെ വെള്ളം തുറന്നുവിട്ടശേഷം വലയിട്ടും വൈദ്യുത ഉപകരണമുപയോഗിച്ച് ഷോക്കടിപ്പിച്ചുമാണ് ഇത്തരക്കാരുടെ മീന്‍പിടുത്തം. മീന്‍പിടുത്തം നടക്കുന്നത് അര്‍ദ്ധരാത്രിയിലായതിനാല്‍ നാട്ടുകാര്‍ക്ക് ഇവരെ തടയാന്‍ കഴിയാത്ത സ്ഥിതിയുമാണുള്ളത്. പലതവണ പരാതി ബോധിപ്പിച്ചിട്ടും പൊലിസ് യാതൊരു നടപടികളും എടുത്തില്ലെന്നും ആക്ഷേപമുണ്ട്. ചെക്ക്ഡാമിലെ വെള്ളം ഒഴുക്കിക്കളഞ്ഞ സംഭവത്തില്‍ ആര്‍.ഡി.ഒക്കും പൊലിസിനും പരാതി നല്‍കുമെന്ന് സമീപവാസികള്‍ പറഞ്ഞു. ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധ സംഘങ്ങളെ നിയന്ത്രിക്കാന്‍ മേഖലയില്‍ പൊലിസിന്റെ രാത്രികാല പട്രോളിങ് സജീവമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."