ചീനിക്കുന്നില്‍ കൃഷി കാവല്ക്കാരെ ആന വിരട്ടിയോടിച്ചു
കരുളായി: മൂത്തേടം പഞ്ചായത്തിലെ വന മേഖലയോടു ചേര്‍ന്നുള്ള ചീനിക്കുന്നില്‍ കാട്ടാന ശല്യം തുടര്‍ക്കഥയാവുന്നു. ആന കൃഷിയിടത്തിലെത്തുന്നത് തടയാനായി കൃഷിയിടത്തില്‍ കാവല്‍ കിടന്ന മൂന്നു കര്‍ഷകരെ ചൊവ്വാഴ്ച്ച രാത്രി കാട്ടാന വിരട്ടിയോടിച്ചു. ശേഷം ആന കൃഷിയിടത്തിലെത്തി കൃഷി നശിപ്പിക്കുകയും വിളകള്‍ ഭക്ഷിക്കുകയും ചെയ്തു. ഉമ്മര്‍ കൊല്ലറമ്പന്‍, ബീരാന് ബാപ്പു, കിഴക്കേക്കര സദാനന്ദന് എന്നിവരെയാണ് ആന വിരട്ടിയോടിച്ചത്.
വന്യ മൃഗ ശല്യം തടയാന്‍ വനം വകുപ്പ് നിര്‍മിച്ച കരിങ്കല്‍ ഭിത്തി പൊളിച്ചാണ് കാട്ടാന കൃഷിയിടത്തിലെത്തുന്നത്. കഴിഞ്ഞ ദിവസം 12,000 രൂപ മുടക്കി കര്‍ഷകര്‍ സൗരോര്‍ജ വേലി കെട്ടി പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. മതില് ചാടിയെത്തിയ ആന തേക്കു മരം സോളാര്‍ വേലിയിലേക്കു തള്ളിയിട്ടാണ് കൃഷിയിടത്തില്‍ പ്രവേശിച്ചത്. കൃഷിയിടത്തിലേക്ക് എത്തിയ ആനയെ വിരട്ടിയോടിക്കാനെത്തിയ കര്‍ഷകര്‍ക്ക് നേരെ ചിന്നം വിളിച്ച് അടുക്കുകയായിരുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു. തുടര്‍ന്ന് തീപന്തം എറിഞ്ഞാണ് ആനയെ കാട്ടിലേക്ക് തിരിച്ചു കയറ്റിയത്. സ്ഥലം കരുളായി റെയ്ഞ്ചോഫീസര്‍ കെ. അഷറഫ് സന്ദര്‍ശിച്ചു. പൊളിച്ച മതില് കെട്ടാനും താല്‍ക്കാലിക ആന വാച്ചര്‍മാരെ നിയമിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."