പൊരിയുന്ന വെയിലിനെ അവഗണിച്ച് സ്ഥാനാര്‍ഥികള്‍ സജീവം
കൊച്ചി: പൊരിയുന്ന വെയിലിനെ അവഗണിച്ച് സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്ത് സജീവം. കൊച്ചി ഹാര്‍ബറില്‍ നിന്നും തൊഴിലാളികളുടെ സ്വീകരണം ഏറ്റുവാങ്ങി കൊണ്ടാണ് ഹൈബി ഈഡന്‍ മണ്ഡല പര്യടനം ആരംഭിച്ചത്.എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. രാജീവ് തൃക്കാക്കര നിയമസഭാ മണ്ഡലത്തിലാണ് പൊതുപര്യടനം നടത്തിയത്. മത്സ്യ ഗ്രാമമായ ഏഴിക്കരയിലെത്തി എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനവും വോട്ട് തേടി. കൊച്ചി ഹാര്‍ബറിലെ പര്യടനത്തിനു ശേഷം ഹൈബി ഈഡന്‍, എം.എല്‍.എ പി.ടി തോമസിനൊപ്പം തൃക്കാക്കര നിയോജക മണ്ഡലത്തിലെത്തി. ചക്കരപ്പറമ്പ്, വെണ്ണല പ്രദേശങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി വെണ്ണലയിലേക്ക്. വെണ്ണലയില്‍ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശം നിറഞ്ഞ സ്വീകരണം. പാലച്ചുവട് പ്രദേശങ്ങളില്‍ പര്യടനം നടത്തി ആലിന്‍ചുവട്ടിലെത്തി പ്രവര്‍ത്തകരെയും സമ്മതിദായകരെയും അഭിവാദ്യം ചെയ്തു. 11മണിയോടെ കലൂരിലുള്ള യു.ഡി.എഫിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി.
12.15ന് എം.പി കെ.വി തോമസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തി. തോമസ് മാഷിനും മുതിര്‍ന്ന യു.ഡി.എഫ് നേതാക്കളുമായും കുശലാന്വേഷണത്തിന് ഒടുവില്‍ ഹൈബി വീണ്ടും തൃക്കാക്കരയിലേക്ക്. തൃക്കാക്കരയില്‍ വിവിധ പ്രദേശങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി ഉച്ചയോടെ ഇടക്കൊച്ചിയിലേക്കെത്തി. ഇടക്കൊച്ചിയിലെ വിവിധ സ്ഥാപനങ്ങള്‍, പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ എന്നിവ സന്ദര്‍ശിച്ചു.
പെരുമ്പടപ്പില്‍ പര്യടനം പൂര്‍ത്തിയാക്കി പള്ളുരുത്തിയിലേക്ക്. പള്ളുരുത്തി അഴകിയകാവ് ക്ഷേത്ര നടയില്‍ നിന്നുമാരംഭിച്ച യു.ഡി.എഫിന്റെ റോഡ് ഷോയോടെ പര്യടനം അവസാനിച്ചു.
എല്‍.ഡി.എഫ് എറണാകുളം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി പി. രാജീവിന്റെ തൃക്കാക്കര നിയമസഭാ മണ്ഡല പൊതുപര്യടനം തുറന്ന ജീപ്പില്‍ രാവിലെ ഏഴരയ്ക്ക് തുടങ്ങി. തെങ്ങോട് നവോദയ ജങ്ഷനില്‍ പഴയകാല കമ്മ്യുണിസറ്റ് നേതാവ് കെ.എന്‍ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫ് തൃക്കാക്കര നിയോജക മണ്ഡലം ചെയര്‍മാന്‍ സന്തോഷ് ബാബു അധ്യക്ഷനായി.
ഏഴിക്കരയിലെത്തിയ എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തെ കെടാമംഗലം കുടിയാകുളങ്ങരയിലുള്ള മത്സ്യതൊഴിലാളികള്‍ മത്സ്യം നല്‍കിയാണ് സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."