സൂര്യാതപം: ജില്ലയില്‍ ചികിത്സ തേടിയെത്തിയത് 41 പേര്‍
കൊച്ചി: ഇന്നലെവരെയുള്ള കണക്കനുസരിച്ച് ഇത്തവണ ജില്ലയില്‍ ഇതുവരെ 41 പേര്‍ സൂര്യാതപവുമായി ബന്ധപ്പെട്ട് ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ്. ഇതില്‍ ഒരു വയസുള്ള കുഞ്ഞുള്‍പ്പെടെ എട്ട് പേര്‍ കുട്ടികളാണ്. 60 വയസിന് മുകളില്‍ പ്രായമുള്ള ഒന്‍പത് പേരും ഇതില്‍ ഉള്‍പ്പെടും. വിദ്യാര്‍ത്ഥികള്‍, പെയിന്റിങ് തൊഴിലാളികള്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, വീട്ടമ്മമാര്‍, ഡ്രൈവര്‍മാര്‍, കടകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്.
ചൂട് കനത്തതോടെ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളെയും കൊണ്ട് പകല്‍ സമയങ്ങളിലുള്ള യാത്ര നിര്‍ബദ്ധമായും ഒഴിവാക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന സാഹചര്യങ്ങളില്‍ നിന്നും കുട്ടികളെ ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ പരമാവധി ശ്രദ്ധിക്കണം. കൈക്കുഞ്ഞുങ്ങളെയും കൊണ്ടുള്ള പകല്‍ യാത്ര കഴിവതും ഒഴിവാക്കുക. ഡേ കെയറുകളില്‍ ഉള്ള കുട്ടികള്‍ക്ക് ഇടയ്ക്കിടെ വെള്ളം കൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക. ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. വീടിനുള്ളില്‍ മാത്രം കഴിയുന്ന പ്രായമായവര്‍, കിടപ്പിലായവര്‍, എന്നിവരെയും അന്തരീക്ഷ താപം കൂടുന്നത് ബാധിക്കാമെന്നതിനാല്‍ വായുസഞ്ചാരം ഉറപ്പ് വരുത്താന്‍ ജനലുകളും വാതിലുകളും തുറന്നിടുക. അടുക്കളയില്‍ ചൂട് കുറയ്ക്കാനായി ജനലുകളും വാതിലുകളും തുറന്നിടുക. വായു പുറത്തോട്ട് വിടാനുള്ള എക്‌സ്‌ഹോസ്‌റ് ഫാന്‍ പ്രവര്‍ത്തിപ്പിക്കുക. വെയിലില്‍ നിന്നും സംരക്ഷണം നേടാന്‍ പകല്‍ സമയത്ത് യാത്ര ചെയ്യുമ്പോള്‍ കുടയും കുടിക്കുവാന്‍ തിളപ്പിച്ചാറ്റിയ ശുദ്ധജലവും കൈയില്‍ കരുതണം. വഴിവക്കില്‍ വില്‍ക്കപ്പെടുന്ന ശീതള പാനീയങ്ങള്‍ മലിനമായ ജലം ഐസ് പത്രങ്ങള്‍ കുപ്പികള്‍ എന്നിവ ഉപയോഗിച്ച് തയാറാക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഇവ ഒഴിവാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."