തൊടുപുഴയിലേത് കണ്ണില്‍ചോരയില്ലാത്ത ക്രൂരത: ഇയാള്‍ കൊലക്കേസ് പ്രതി, മുഖ്യമന്ത്രി റിപ്പോര്‍ട്ടു തേടി
കോട്ടയം: തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദ് നിരവധി കേസുകളിലെ പ്രതി. ഇയാള്‍ക്കെതിരേ നാലു കേസുകള്‍ ഉണ്ടെന്നാണ് അറിവ്. ഇതില്‍ കൊലക്കേസ്, ഭീഷണിപ്പെടുത്തല്‍, പണം തട്ടല്‍ എന്നിവയാണ് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍. 2008ല്‍ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ പരിധിയില്‍ റജിസ്റ്റര്‍ ചെയ്ത വിജയരാഘവന്‍ കൊലക്കേസിലെ പ്രതിയാണ് അരുണ്‍ ആനന്ദ്. തിരുവനന്തപുരം നന്തന്‍ കോട് സ്വദേശിയായ ഇയാള്‍ മദ്യപാനത്തിനിടെ സുഹൃത്തായ വിജയരാഘവനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു കൊന്നു എന്നതാണ് കേസ്.
അതേ സമയം തൊടുപുഴയിലെ സംഭവത്തില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇടുക്കി ജില്ലാ കലക്ടറോടാണ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
കുട്ടിയുടെ ചികിത്സാ സഹായം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കുറ്റം ചെയ്തവര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന ബാലാവകാശ കമ്മിഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തു.
ഇടുക്കി ജില്ലയില്‍ നിന്ന് കുട്ടികള്‍ക്കെതിരേ രക്ഷിതാക്കളോ രണ്ടാനച്ഛന്‍മാരുടെയോ പീഡനങ്ങള്‍ക്കിരയാകുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കുമളിയില്‍ നിന്ന് പീഡനത്തിനിരയായ ശഫീഖിന്റെ കാര്യം മറക്കാറായിട്ടില്ല. അച്ഛനും അമ്മയും ഉപേക്ഷിച്ച ശഫീഖിനെ ഇപ്പോഴും സര്‍ക്കാരാണ് സംരക്ഷിക്കുന്നത്. ആരോമല്‍ എന്ന കുട്ടിയെ പട്ടിക്കൂട്ടില്‍ കെട്ടിയിട്ട് രണ്ടാനച്ഛനും മാതാവും മര്‍ദിച്ച സംഭവവും ഇടുക്കിയില്‍ നിന്ന് അടുത്തകാലത്തു കേട്ട കഥയാണ്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഉണ്ടാകുമ്പോഴും ഒന്നോ രണ്ടോ വാര്‍ത്തക്കപ്പുറം ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാനുള്ള നടപടികളൊന്നുമുണ്ടാകുന്നില്ല.
മറ്റൊരു കേസ് ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നതാണ്. സ്ഥിരം കുറ്റവാളിയും അക്രമവാസനയുമുള്ളയാളാണ് അരുണ്‍ ആനന്ദെന്ന് തെളിയിക്കുന്നതാണ് ഈ കേസുകളെല്ലാം.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുണ്‍ ആനന്ദും കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവരുന്നത്. രക്തത്തില്‍ കുളിച്ച കുഞ്ഞിന്റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ കുട്ടിയുടെ അമ്മ ആദ്യം സോഫയില്‍ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാല്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകള്‍.
എട്ട് മാസമായി അരുണ്‍ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛന്‍ ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയില്‍ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്പ് മാത്രമാണ് സ്‌കൂളില്‍ ചേര്‍ത്തത്.
തന്നെയും കുട്ടികളെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് യുവതിയുടെ മൊഴി. ആദ്യം ഉണ്ടായ കാര്യങ്ങള്‍ പൊലീസിനോട് പറയാതിരുന്നത് അരുണ്‍ ആനന്ദിനെ ഭയന്നാണെന്നും ഇയാള്‍ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാന്‍ ഭയമായിരുന്നെന്നും യുവതി പറയുന്നു. ഇവരുടെ മുഖത്തും കണ്ണിലും അടി കൊണ്ട് നീര് വന്ന് വീര്‍ത്ത പാടുകളുണ്ട്. അന്ന് രാത്രി യുവതിയും അരുണും പുറത്ത് പോയി വന്നപ്പോള്‍ ഇളയ കുഞ്ഞ് സോഫയില്‍ മൂത്രമൊഴിച്ചത് കണ്ടു. അരുണ്‍ മദ്യപിച്ച നിലയിലായിരുന്നു. മൂത്ത കുട്ടിയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ഉത്തരം കിട്ടാതായതോടെ കുഞ്ഞിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
തടയാന്‍ ശ്രമിച്ചപ്പോള്‍ അമ്മയെയും ഇളയ കുഞ്ഞിനെയും ഇയാള്‍ വലിച്ചിട്ട് തല്ലി. അരുണിനെ ഭയമായിരുന്നു. മാരകമായി മര്‍ദ്ദിക്കുമായിരുന്നു. കുട്ടിയെ അന്ന് രാത്രി ഇയാള്‍ താഴെയിട്ട് പല തവണ ചവിട്ടി. അലമാരയ്ക്കുള്ളില്‍ വച്ച് ഞെരിച്ചുവെന്നുമാണ് മാതാവ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."