യു.എസിലെ ബ്ലാക് ലൈവ്സ് മാറ്റര്‍ പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ ഇന്ത്യക്കാരി
വാഷിങ്ടണ്‍: യു.എസില്‍ വംശീയ വിവേചനത്തിനെതിരേ നടക്കുന്ന ബ്ലാക് ലൈവ്സ് മാറ്റര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കുന്നവരില് ഇന്ത്യന്‍ വംശജയും. 46കാരിയായ ക്ഷമ സാവന്ത് എന്ന സോഷ്യലിസ്റ്റ് സാമ്പത്തിക വിദഗ്ധയാണ് സിയാറ്റിലില്‍ നിന്ന് പൊലിസിനെ പുറത്താക്കുന്നതിനും പ്രദേശത്തെ കാപിറ്റോള്‍ ഹില്‍ ഓട്ടോണമസ് സോണ്‍ എന്ന് നാമകരണം ചെയ്യുന്നതിനും നേതൃത്വം നല്‍കിയത്.
കറുത്തവംശക്കാരനായ ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് യു.എസില്‍ രാജ്യവ്യാപക പ്രതിഷേധം നടന്നുവരുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം അറ്റ്ലാന്റയില്‍ 27കാരനായ റെയ്ഷാദ് ബ്രൂക്സ് എന്ന യുവാവിനെ പൊലിസ് വെടിവച്ചുകൊന്നത് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ പൂനെയില്‍ ജനിച്ച ക്ഷമ സാവന്ത് പ്രതിഷേധക്കാരോട് പൊലിസിനെ പുറത്താക്കി പ്രദേശത്തെ പൊലിസ് രഹിത മേഖലയാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പ്രദേശത്തെ നീതി വീണ്ടെടുക്കുന്ന കമ്മ്യൂണിറ്റി സെന്ററായി മാറ്റാന്‍ നിയമം കൊണ്ടുവരുമെന്ന് സിയാറ്റില്‍ കൗണ്‍സില്‍ അംഗമായ ക്ഷമ വ്യക്തമാക്കി.
മേയര്‍ ജെന്നി ദര്കന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സിറ്റി ഹാളിലേക്ക് നടത്തിയ ആയിരത്തിലേറെ പേര് പങ്കെടുത്ത പ്രതിഷേധത്തില്‍ ക്ഷമയും ഉണ്ടായിരുന്നു. പൊലിസ് പ്രതിഷേധക്കാരുടെ നേരെ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് തടയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
മുംബൈയില്‍ വളര്‍ന്ന സാവന്ത് മുംബൈ യൂനിവേഴ്സിറ്റിയില്‍ നിന്നാണ് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദമെടുത്തത്. എന്നാല്‍ വിവാഹശേഷം യു.എസിലേക്കു പോയ അവര്‍ കംപ്യൂട്ടര്‍ എന്‍ജിനിയറിങ് വിട്ട് സാമ്പത്തികശാസ്ത്രത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. 2010ല്‍ യു.എസ് പൗരത്വം നേടിയ സാവന്ത് നോര്‍ത്ത് കരോലിന യൂനിവേഴ്സിറ്റിയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി. 2006ല്‍ സോഷ്യലിസ്റ്റ് അള്‍ട്ടര്‍നേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്ന അവര്‍ 2013ലാണ് കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഒരു പ്രമുഖ യു.എസ് നഗരത്തില്‍ കൗണ്‍സില്‍ അംഗമാവുന്ന ആദ്യ സോഷ്യലിസ്റ്റാണ് ക്ഷമ സാവന്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."