വളപട്ടണം പുഴയിലെ പൈപ്പിടല്‍ അടുത്തയാഴ്ച തുടങ്ങും ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി അന്തിമ ഘട്ടത്തിലേക്ക്
കണ്ണൂര്‍: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കൊച്ചി-മംഗലാപുരം പൈപ്പ് ലൈന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ അന്തിമഘട്ടത്തിലേക്ക്. തൃപ്പങ്ങോട്ടൂര്‍ വില്ലേജിലെ കടവത്തൂര്‍ മുതല്‍ പെരളം വില്ലേജിലെ പുത്തൂര്‍ വരെ 83 കിലോമീറ്റര്‍ നീളത്തിലാണ് ജില്ലയില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നത്.
ഇതില്‍ 68 കിലോമീറ്ററിലും പൈപ്പ് വിന്യാസം പൂര്‍ത്തിയായി. 64 കിലോമീറ്ററില്‍ പൈപ്പിന്റെ വെല്‍ഡിങ് പ്രവൃത്തികള്‍ കഴിഞ്ഞു. ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുന്ന 20 മീറ്റര്‍ ഭൂമിയിലെയും വിളകള്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇനത്തില്‍ 38 കോടി ഇതിനകം വിതരണം ചെയ്തു.
ജില്ലയില്‍ അഞ്ച് പുഴകളിലൂടെയും പൈപ്പ്‌ലൈന്‍ കടന്നുപോകുന്നുണ്ട്. കുപ്പം പുഴയിലൂടെ പൈപ്പ് ഇടുന്ന ജോലി പൂര്‍ത്തിയായി. പെരുമ്പ, അഞ്ചരക്കണ്ടി, എരഞ്ഞോളി, വളപട്ടണം എന്നീ പുഴകളിലെ പ്രവൃത്തി വിവിധ ഘട്ടങ്ങളിലാണ്. പുഴയുടെ അടിത്തട്ടില്‍ നിന്നും 10 മീറ്റര്‍ താഴ്ചയിലാണ് പൈപ്പുകള്‍ കടന്നുപോകുന്നത്.
വളപട്ടണം പുഴയിലെ പൈപ്പിടല്‍ പ്രവൃത്തി അടുത്തയാഴ്ച തുടങ്ങും. ഉന്നതനിലവാരമുള്ള ക്ലാസ് നാല് പൈപ്പുകളാണ് ഗെയില്‍ പദ്ധതിക്കായി ഉപയോഗിക്കുന്നത്. കുറുമാത്തൂരില്‍ ഒന്നര ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ഐ.പി (ഇന്റര്‍മീഡിയറ്റ് പിഗ്ഗിംഗ്) സ്റ്റേഷന്റെ നിര്‍മാണം 50 ശതമാനത്തിലേറെ പൂര്‍ത്തിയായി. ജില്ലയില്‍ ഒന്ന് എന്ന തോതിലാണ് ഈ സുരക്ഷാ സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. 50 സെന്റ് വീതം സ്ഥലത്ത് അഞ്ചിടങ്ങളില്‍ സ്ഥാപിക്കുന്ന എസ്.വി (സെക്ഷന്‍ വാള്‍വ്) സ്റ്റേഷനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി വരുന്നു.
വ്യാവസായിക-ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പ്രധാന ലൈനില്‍ നിന്ന് ഗ്യാസ് എടുത്ത് വിതരണം ചെയ്യുന്ന കേന്ദ്രങ്ങളാണ് എസ്.വി സ്റ്റേഷനുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."