ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സക്കീര്‍ ഹുസൈന്; നടപടിയെടുത്തിട്ടില്ലെന്ന് ജില്ലാ നേതൃത്വവും
കൊച്ചി: സി.പി.എം. കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതായുള്ള വാര്‍ത്ത തള്ളി വി.എ. സക്കീര്‍ ഹുസൈന്. താനിപ്പോഴും ഏരിയാ സെക്രട്ടറി തന്നെയെന്നും തന്നെ നീക്കിയതായി ഒരറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, സക്കീര്‍ ഹുസൈനെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന് അറിയിച്ചു. പരാതികള്‍ സംബന്ധിച്ച് പാര്‍ട്ടി അന്വേഷിച്ചിട്ടുണ്ട്. നടപടി ഉണ്ടായാല്‍ മാധ്യമങ്ങളെ അറിയിക്കാമെന്നും മോഹനന് പറഞ്ഞു.
സക്കീര്‍ ഹുസൈനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇന്നലെച്ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്തിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റിയില്‍നിന്നും സക്കീര്‍ ഹൂസൈനെ നീക്കാന്‍ സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിക്കു ശുപാര്‍ശ നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.
കളമശ്ശേരി ഏരിയ സെക്രട്ടറി ആയിരുന്നസമയം തൊട്ട് സക്കീര്‍ ഹുസൈനെതിരെ നിരവധി ആരോപണങ്ങളാണുള്ളത്. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സക്കീര്‍ ഹുസൈന് അറസ്റ്റിലായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസ് അതിനുശേഷമാണുണ്ടായത്.
തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ എളമരം കരീം അധ്യക്ഷനായ പാര്‍ട്ടി കമ്മിഷന് നടത്തിയ അന്വേഷണത്തില്‍ സക്കീര്‍ഹുസൈന്‍ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഏരിയാ സെക്രട്ടറി സ്ഥാനം തിരികെ നല്കിയതും വിവാദമായിരുന്നു. തുടര്‍ന്നാണ് ആഡംബര വസതി നിര്‍മിച്ചതുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നത്. സി.പി.എം കളമശേരി ബ്രാഞ്ച് സെക്രട്ടറി കെ.കെ ശിവന്റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
സക്കീര്‍ ഹുസൈന് അഞ്ച് വീടുകള്‍ ഉണ്ടെന്ന് അന്വേഷണ കമ്മിഷന് കണ്ടെത്തി. പാര്‍ട്ടി പ്രാദേശിക നേതാക്കളുള്‍പ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് തടയുന്നതില്‍ സക്കീര്‍ ഹുസൈന് ജാഗ്രതക്കുറവുണ്ടായതായും കമ്മിഷന് വിലയിരുത്തി.
ഏറ്റവുമൊടുവിലായി പ്രളയദുരിതാശ്വാസ തട്ടിപ്പില്‍പ്പെട്ട ബാങ്കിന്റെ ഡയരക്ടര്‍ ബോര്‍ഡ് അംഗവും സി.പി.എം തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ സിയാദിന്റെ ആത്മഹത്യാ കുറിപ്പിലും സക്കീര്‍ ഹുസൈന്റെ പേരുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."