ബലാത്സംഗക്കേസില്‍ തെളിവുകള്‍ കെട്ടിച്ചമച്ചതെന്നു ഫ്രാങ്കോ മുളയക്കല്‍: ശക്തമായ തെളിവുണ്ട്, ഹരജി നല്‍കിയത് കേസ് നീട്ടിക്കൊണ്ടുപോകാനെന്നും സര്‍ക്കാര്‍
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ തനിക്കെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നു കാണിച്ച് സമര്‍പ്പിച്ച ഫ്രാങ്കോ മുളയ്ക്കലിന്റെ ഹരജിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുണ്ടെന്നും രഹസ്യമൊഴികളും തെളിവുകളും ബിഷപ്പിന് എതിരാണെന്നും സര്‍ക്കാര്‍ വാദം നിരത്തി. ഫ്രാങ്കോ മുളയ്ക്കല്‍ വിടുതല്‍ ഹരജി നല്‍കിയത് കേസ് നീട്ടിക്കൊണ്ടുപോകാനാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
വിടുതല്‍ ഹരജി തള്ളിയ വിചാരണക്കോടതി നടപടി ചോദ്യം ചെയ്ത് ഫ്രാങ്കോ മുളയ്ക്കല്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കേസ് വിശദമായ വാദത്തിനായി മാറ്റി. ഈ മാസം 26ന് ഹരജി വീണ്ടും പരിഗണിക്കും. കേസില്‍ കക്ഷി ചേരാന്‍ പരാതിക്കാരിയായ കന്യാസ്ത്രീയും അപേക്ഷ നല്‍കിയിട്ടുണ്ട്.
എന്നാല്‍, കൃത്യമായ തെളിവുകളുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചാണ് ഫ്രാങ്കോയുടെ വിടുതല്‍ ഹരജി വിചാരണക്കോടതി തള്ളിയത്. ഇതിന് പിന്നാലെയാണ് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."