പഞ്ചാബും മുംബൈയും ഇന്നു നേര്‍ക്കുനേര്‍
മൊഹാലി: വിവാദങ്ങളെ ജയിച്ചു കയറാന്‍ പഞ്ചാബും മുംബൈയും ഇന്നു നേര്‍ക്കു നേരെ വരുമ്പോള്‍ അത് പുതിയൊരു വിവാദത്തിന് തിരികൊളുത്തുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രാജസ്ഥാനുമായുളള പഞ്ചാബിന്റെ ആദ്യ കളിയില്‍ ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയ അശ്വിനെതിരേയും പഞ്ചാബ് ടീമിനെതിരേയും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
മങ്കാദിങ് അനുവദനീയമാണെങ്കിലും മാന്യന്‍മാരുടെ കളിയെന്ന വിശേഷണമുള്ള ക്രിക്കറ്റില്‍ അശ്വിന്റെ ചെയ്തിയെ ന്യായീകരിക്കാനാവില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധരും ആരാധകരും പറയുന്നത്. ക്രിക്കറ്റ് നിയമങ്ങളെ കൂട്ടുപിടിച്ച് ബട്‌ലറെ പുറത്താക്കിയ അശ്വിനും കൂട്ടര്‍ക്കും അതേ ക്രിക്കറ്റ് നിയമങ്ങള്‍ തന്നെ വില്ലനായതും കൊല്‍ക്കത്തയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ കണ്ടു.
ഈഡന്‍ ഗാര്‍ഡനില്‍ നടന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്തയുടെ ആേ്രന്ദ റസലിനെ ക്ലീന്‍ ബൗള്‍ഡാക്കി മുഹമ്മദ് ഷമി പഞ്ചാബിന് മേല്‍ക്കൈ നേടിക്കൊടുത്തുവെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ ഹീറോയായ അതേ ക്യാപ്റ്റന്‍ തന്നെ ഇത്തവണ വില്ലനായി അവതരിച്ചു.
30 യാര്‍ഡ് സര്‍ക്കിളിനുള്ളില്‍ നാലു ഫീല്‍ഡര്‍മാര്‍ വേണമെന്ന കളി നിയമമാണ് ഇവിടെ അശ്വിനെ തിരിച്ചു കൊത്തിയത്. സര്‍ക്കിളില്‍ ഒരു ഫീല്‍ഡറുടെ അഭാവം മനസിലാക്കിയ അംപയര്‍ നോബോള്‍ വിളിക്കുകയും തിരികെ ക്രീസിലെത്തിയ റസല്‍ പഞ്ചാബിനെ നിലം പരിചാക്കുകയും ചെയ്താണ് കളം വിട്ടത്. റസല്‍ ബൗളിങ്ങിലും മിന്നിയതോടെ പഞ്ചാബ് പരാജയം രുചിച്ചു. ക്യാപ്റ്റനെന്ന നിലയിലുള്ള സമ്മര്‍ദം അശ്വിനില്‍ ആവോളമുണ്ട്. അതിനു പുറമെ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ലഭിച്ച വിമര്‍ശനങ്ങളും ടീമിനെ സമ്മര്‍ദത്തിലാക്കുമെന്നത് ഉറപ്പാണ്.
എന്നാല്‍ ഏതു പ്രതിസന്ധി ഘട്ടത്തിലും ആഞ്ഞടിക്കുന്ന ഗെയ്‌ലില്‍ തന്നെയാണ് പഞ്ചാബിന്റെ ബാറ്റിങ് പ്രതീക്ഷ. ഗെയ്‌ലിനൊപ്പം രാഹുലും സര്‍ഫ്രാസും ഫോമിലേക്കുയര്‍ന്നാല്‍ പഞ്ചാബിനെ പിടിച്ചു കെട്ടുക പ്രയാസമാണ്.
കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ 200 ലേറെ റണ്‍സ് വഴങ്ങിയ ബൗളിങ്ങ്‌നിര മികവിലേക്ക് ഉയരേണ്ടതുണ്ട്. അശ്വിനും ഷമിയും ആന്‍ഡ്രൂ ടൈയും ഫോമിലേക്കെത്തുമെന്നാണ് ആരാധക പ്രതീക്ഷയും. അതിലുപരി നേര്‍ക്കുനേരെ നിന്ന് ജയിക്കാനാവില്ല എന്ന ചീത്തപ്പേരും ഈ മത്സരത്തിലൂടെ മറികടക്കാനാകുമെന്നാണ് പഞ്ചാബ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."