ബി.ജെ.പിക്കാര്‍ ആക്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
അഗര്‍ത്തല: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടി മാറി മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സര രംഗത്തേക്ക് എത്തുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സര്‍വസാധാരണമാണ്. എന്നാല്‍ ത്രിപുരയില്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സുബല്‍ ഭൗമികിന്റെ കഥ മറിച്ചാണ്. പാര്‍ട്ടി വിട്ടതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വഴിനടക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണ്.
തനിക്കുനേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആസൂത്രിതമായ ആക്രമണങ്ങളാണ് നടത്തുന്നതെന്ന് ഭൗമിക് ആരോപിച്ചു. വെസ്റ്റ് ത്രിപുര മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന അദ്ദേഹത്തെ സിപാഹിജാലയില് നിന്ന് അഗര്‍ത്തലയിലേക്ക് പോകുമ്പോള്‍ 50 ഓളം പേര് വരുന്ന ബി.ജെ.പി സംഘം ആക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തുവെന്ന് സുബല്‍ ഭൗമിക് ആരോപിച്ചു. എന്നാല്‍ ആരോപണം ബി.ജെ.പി നിഷേധിച്ചിട്ടുണ്ട്. തനിക്കെതിരേ പലയിടങ്ങളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
സിപാഹിജാലയിലെ ഇന്ദിരാനഗര്‍ ഗ്രാമത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കഴിഞ്ഞ് അഗര്‍ത്തലയിലേക്ക് പോകുമ്പോഴായിരുന്നു സംഘം പതിയിരുന്ന് ആക്രമിച്ചതെന്ന് ഭൗമിക് ആരോപിച്ചു. പൊലിസ് എത്തിയാണ് തന്നെ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."