ചികിത്സാ സഹായം സ്വീകരിക്കാന്‍ നില്‍ക്കാതെ ജോര്‍ജ് വിടവാങ്ങി
തുറവൂര്‍: ഹൃദയ ശസ്ത്രക്രിയയ്ക്ക് ഏഴ് ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ച വിവരം ഫോണില്‍ വിളിച്ചറിയിക്കാന്‍ ഒരുങ്ങിയ ജീവന്‍ രക്ഷാസമിതിയെ തേടിയെത്തിയത് യുവാവിന്റെ മരണവാര്‍ത്ത. തുറവൂര്‍ പഞ്ചായത്ത് 16ാം വാര്‍ഡ് പടിഞ്ഞാറെ മനക്കോടം തയ്യില്‍ ജോസഫ്-സില്‍വി ദമ്പതികളുടെ മകന്‍ ടി.ജെ ജോര്‍ജാണ് (23) സഹായം കാത്ത് നില്‍ക്കാതെ മരണത്തിന് കീഴടങ്ങിയത്.തുറവൂര്‍ പഞ്ചായത്ത് പരിധിയിലെ മൂന്ന് പേരുടെ ചികിത്സയ്ക്കായിട്ടാണ് ജീവന്‍ രക്ഷാസമിതി 13.6 ലക്ഷം രൂപ സമാഹരിച്ചത്. തുക ആര്‍ക്കൊക്കെ വീതിച്ചു നല്‍കണമെന്ന് തീരുമാനിക്കാനാണ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നത്. ജോര്‍ജിന് ഏഴ് ലക്ഷവും ബാക്കിത്തുക മറ്റു രണ്ടു പേര്‍ക്കുമായി വീതിച്ചു നല്‍കാനാണ് തീരുമാനിച്ചത്. ഇക്കാര്യം ജോര്‍ജിന്റെ കുടുംബാംഗങ്ങളെ അറിയിക്കാനൊരുങ്ങുമ്പോഴാണ് സമിതി അംഗത്തിന്റെ ഫോണില്‍ മരണവാര്‍ത്ത എത്തുന്നത്.
കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ഹൃദയത്തിന് അസുഖം കണ്ടെത്തിയെങ്കിലും കണ്ടമംഗലം സ്‌കൂളില്‍ 10ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഗാവസ്ഥ കടുക്കുന്നത്. തുടര്‍ന്ന് 2015 മുതല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പിന്നീടാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. മകന്റെ ഹൃദയം മാറ്റിവയ്ക്കാന്‍ മത്സ്യത്തൊഴിലാളിയായ ജോസഫ് സില്‍വി ആകെയുള്ള ഏഴ് സെന്റ് സ്ഥലം വില്‍ക്കാന്‍ ശ്രമം നടത്തുന്നതിനിടയിലാണ് ത്രിതല പഞ്ചായത്തംഗങ്ങള്‍ മുന്‍കൈയെടുത്ത് ജീവന്‍ രക്ഷാസമിതിക്ക് രൂപം നല്‍കിയതും പണം സ്വരൂപിക്കുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."