കെ.എസ്.ആര്‍.ടി.സി ഡിപ്പോ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 50 ലക്ഷം കൂടി ഇതുവരെ മുടക്കിയത് 14 കോടി
തൊടുപുഴ : കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ പുതിയ മന്ദിരത്തിന്റെ അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ 50 ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് പി.ജെ.ജോസഫ് എം.എല്‍.എ. അറിയിച്ചു.
ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ രണ്ടു മാസത്തിനകം പൂര്‍ത്തീകരിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചിട്ടുള്ളത്. നിയോജകമണ്ഡല ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് 50 ലക്ഷം രൂപയുടെ പ്രവൃത്തി ഭരണാനുമതിക്കായി ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഒരു കോടി രൂപ കെ.എസ്.ആര്‍.ടി.സി. ക്ക് നേരത്തെ എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു. യാര്‍ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായിരുന്നു തുക വകയിരുത്തിയത്. പ്രസ്തുത ജോലികള്‍ ഉടന്‍ തീരുമെന്നും കെ.എസ്.ആര്‍.ടി.സി. ചീഫ് എഞ്ചിനീയര്‍ അറിയിച്ചിട്ടുണ്ട്. ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനും സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനും നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും ജോസഫ് വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ ജെ. തച്ചങ്കരി കഴിഞ്ഞയാഴ്ച ഡിപ്പോ സന്ദര്‍ശിച്ചിരുന്നു.
കടമുറികള്‍ ലേലം ചെയ്തു കൊടുക്കാന്‍ നടപടി കൈക്കൊള്ളണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടിട്ടുണ്ട്. 2013 ല്‍ ആരംഭിച്ച ഡിപ്പോയുടെ നിര്‍മാണം രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാക്കി ഉദ്ഘാടനം നടത്തുമെന്നായിരുന്നു നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ച അന്നത്തെ വകുപ്പു മന്ത്രി ആര്യാടന്‍ മുഹമ്മദും വകുപ്പ് മേധാവികളും പ്രഖ്യാപിച്ചത്. എന്നാല്‍ കരാറുകാര്‍ക്കു യഥാസമയം ഫണ്ട് കൊടുക്കാത്തതിനെ തുടര്‍ന്നു നിര്‍മാണം ഇടയ്ക്കു നിലച്ചിരുന്നു. പിന്നീട് പി.ജെ. ജോസഫ് എം.എല്‍.എ യും മറ്റും ഇടപെട്ടാണു കുറച്ചു ഫണ്ട് അനുവദിപ്പിച്ചു നിര്‍മാണം ഏതാണ്ട് പൂര്‍ത്തീകരിച്ചത്. രണ്ടു വര്‍ഷം മുമ്പു കരാറുകാര്‍ കെഎസ്ആര്‍ടിസിക്ക് കെട്ടിടം കൈമാറിയിരുന്നു.
തൊടുപുഴ ഡിപ്പോയില്‍നിന്ന് 77 ഷെഡ്യൂളുകളാണു കണക്കിലുള്ളത്. ഇതില്‍ 67 എണ്ണം ഓടിക്കുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പുതിയ ഡിപ്പോ നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ നിലവിലുള്ള സര്‍വീസുകള്‍പോലും യഥാസമയം നടത്താന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ നഗരസഭയുടെ പഴയ ലോറി സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അസൗകര്യങ്ങള്‍മൂലം ജീവനക്കാരും വളരെ ബുദ്ധിമുട്ടുകയാണ്.
ബസുകള്‍പോലും ഇടുവാന്‍ സൗകര്യമില്ലാതെ കാഞ്ഞിരമറ്റം ബൈപാസിലാണു രാത്രി ബസുകള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതാകട്ടെ ബസുകളുടെ സുരക്ഷിത്വത്തിനും ഭീഷണിയായിട്ടുണ്ട്. പുതിയ ഡിപ്പോ പ്രവര്‍ത്തനസജ്ജമായാല്‍ നൂറുകണക്കിനു ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലസൗകര്യം ഇവിടെയുണ്ട്. അതുപോലെ യാത്രക്കാര്‍ക്കും കൂടുതല്‍ സൗകര്യം ലഭിക്കും. ഇതിനൊപ്പം കൂടുതല്‍ പുതിയ ദീര്‍ഘദൂര സര്‍വീസുകളും മറ്റും ആരംഭിക്കുന്നതിനും കഴിയും. മൂന്നു മാസം മുന്‍പു ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ തൊടുപുഴയില്‍ എത്തിയെങ്കിലും 14 കോടി രൂപ മുടക്കിയിട്ടും പണി പൂര്‍ത്തിയാകാതെ കിടക്കുന്ന കെഎസ്ആര്‍ടിസി ഡിപ്പോ സന്ദര്‍ശിക്കാന്‍ തയാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."