ക്ഷീരമേഖല; പുത്തനുണര്‍വായി അത്യാധുനിക സംവിധാനം
കൊഴിഞ്ഞാമ്പാറ: സംസ്ഥാനത്ത് ലഭ്യമാകുന്ന പച്ചക്കറി, പാല്‍, മത്സ്യം എന്നിവയുടെ വിതരണത്തിനും ഇവയുടെ വിള ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി ആധുനിക സംവിധാനം വരുന്നു സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കുന്ന അത്യാധുനിക രീതിയിലുള്ള ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ സാധ്യമാകുന്നതോടെ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാകും.
രാജ്യത്തുതന്നെ ആദ്യമായാണ് സംസ്ഥാനതലത്തില്‍ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. കേരള ഡെവലപ്പ്‌മെന്റ് & ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെഡിസ്‌ക) ആണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നതിനാല്‍ ഇതോടൊപ്പം ബ്ലോക്ക്‌ചെയിന്‍ മേഖലക്കാവശ്യമായ മനുഷ്യശേഷി സൃഷ്ടിക്കുന്നതിനുള്ള പരിശീലന കോഴ്‌സുകളുമാരംഭിക്കും.
ക്ഷീരമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പാല്‍വിതരണത്തിനുവേണ്ടി മില്‍ക്ക് ചെയിന്‍ എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നതിനാല്‍ പാലിന്റെ ഉല്പാദനം, വിതരണം, സംഭരണം എന്നിവയുടെ ഗുണനിലവാരവും കൃത്യനിഷ്ഠതയുമുറപ്പു വരുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി സാധ്യമാകുന്നതോടെ അതാതു സമയത്തെ വിതരണ ശൃംഖലയുടെ വിവരങ്ങള്‍ ആര്‍ക്കും ഇലക്‌ട്രോണിക് ലെഡ്ജറിലൂടെ പരിശോധിക്കാനാവും.
ഓരോ ശൃംഖലകളുടെയും ഓരോ ഘടകങ്ങള്‍ക്കും പ്രത്യേകം തിരിച്ചറിയുന്നതിനായി കോഡ് നമ്പറുകളുണ്ടാകുമെന്നതിനാല്‍ ഏതു സമയത്തും എല്ലാ ഉല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം ഉപഭോക്താക്കള്‍ക്ക് കണ്ടെത്താനാവും.
പച്ചക്കറി, മത്സ്യം എന്നിവയുടെ വിതരണമാണ് മറ്റൊരു ശൃംഖലയിലൂടെ സാധ്യമാകുന്നത്. സ്വന്തം കൃഷിയിടങ്ങളെയും ഫിഷ്‌ലാന്റിംഗ് കേന്ദ്രങ്ങളെയും പാക്കിംഗ് കേന്ദ്രങ്ങളെയും ജിയോകോഡഡ് ഇമേജ് വഴി ബ്ലോക്ക്‌ചെയിന്‍ ശൃംഖലയില്‍ ചേര്‍ക്കുന്നതാണ് മറ്റൊരു രീതി.
ഇത്തരം കോഡുകള്‍ വഴി പാക്കറ്റിലാക്കിയ ഉല്‍പ്പന്നങ്ങളുടെയെല്ലാം തൂക്കവും ക്യൂ.ആര്‍ കോഡും ആര്‍.എഫ്.ഐ.ഡി യും സഹിതം ശൃംഖലകളില്‍ രജിസ്റ്റര്‍ ചെയ്യാനാവും. ഇന്റര്‍നെറ്റ് ഓഫ്തിംഗ്‌സ് എന്ന നൂതന വിവര സാങ്കേതികവിദ്യയിലൂടെ ട്രക്കുകള്‍, ശീതികരണ ടാങ്കുകള്‍ തുടങ്ങിയവയെ ഇന്റര്‍നെറ്റ് വഴി ബന്ധപ്പെടുത്തി കണ്‍ട്രോള്‍റൂമുകള്‍ വഴി നിരീക്ഷിക്കുന്നതുവഴി ഇവയുടെ സ്ഥാനം, ഉല്‍പ്പന്നങ്ങളുടെ താപനില തുടങ്ങിയവ ഉറപ്പുവരുത്താനാവും.
പ്രകൃതിക്ഷോഭം കാരണമുണ്ടാകുന്ന വിള കൃഷിനഷ്ടം കണക്കാക്കി പരമാവധി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കുന്ന സ്മാര്‍ട്ട് പദ്ധതിയാണ് മറ്റൊരു പ്രധാന സേവനമെന്നിരിക്കട്ടെ. ഇന്‍ഷൂറന്‍സ് കമ്പനികളുമായുള്ള പ്രശ്‌നങ്ങള്‍ തരണം ചെയ്യാനും തട്ടിപ്പുകാരെ ഒഴിവാക്കി യഥാവിധി സാമ്പത്തിക സഹായം ലഭിക്കാന്‍ ബ്ലോക്ക്‌ചെയിനിലെ സ്മാര്‍ട്ട് കോണ്‍ട്രാക്ട് സംവിധാനത്തിലൂടെ സാധ്യമാകുന്നു. ബ്ലോക്ക്‌ചെയിന്‍ സംവിധാനം നടപ്പിലാക്കുന്നതോടെ സംസ്ഥാനത്ത് ക്ഷീര-കാര്‍ഷിക-മത്സ്യ മേഖലയില്‍ പുതിയൊരധ്യായം തുറക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."