ഗാല്‍വാന്‍ താഴ്‌വര ശാന്തം
പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിരോധമന്ത്രാലയം
ന്യൂഡല്‍ഹി: തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരും നിരവധി ചൈനീസ് സൈനികരും കൊല്ലപ്പെട്ട കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്നലെ സ്ഥിതി ശാന്തം. വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്നതിനും പരുക്കേറ്റവരെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനും ഇന്ത്യയെ ചൈനീസ് സൈനികര്‍ അനുവദിച്ചു. സൈനികരെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിന് പ്രദേശത്ത് ഇന്ത്യന്‍ ഹെലികോപ്റ്ററുകള്‍ പറക്കുന്നതിനും അനുമതി ലഭിച്ചു. ചൈനീസ് കടന്നു കയറ്റത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടന്നു വരവെയാണ് സംഘര്‍ഷമുണ്ടായത്. അതിന് പിന്നാലെ ഈ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചയും ആരംഭിച്ചു. ചര്‍ച്ച ഇന്നലെയും തുടര്‍ന്നു. എങ്കിലും പ്രദേശത്തെ സാഹചര്യത്തില്‍ അയവുണ്ടായിട്ടില്ല.
മേഖലയില്‍ നിന്ന് പിന്‍മാറണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാനും ചൈന തയാറായിട്ടില്ല. മലനിരകള്‍ നിറഞ്ഞ ഗാല്‍വാന്‍ മേഖലയില്‍ ആക്രമണത്തിന് മുന്‍പ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ചൈനീസ് സൈനികര്‍ ഇന്ത്യന്‍ സൈനികരെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ ഇരുവശത്തും ഇരുരാജ്യങ്ങളും ആയുധങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഗാല്‍വാന്‍ താഴ്‌വര ശാന്തമായിരുന്നു. ആദ്യമായാണ് ഇവിടെ സംഘര്‍ഷമുണ്ടാകുന്നത്. 1996ലെ കരാറിന്റെ ഭാഗമായി മേഖലയില്‍ ഡ്രില്‍ നടത്തുമ്പോള്‍ ഇരു സൈനികരും തങ്ങളുടെ ആയുധങ്ങള്‍ കയ്യില്‍ കരുതാറില്ല. സംഘര്‍ഷം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഇത്തരത്തിലൊരു ഡ്രില്ലിനിടയിലാണ് സംഘര്‍ഷമുണ്ടായതെന്നാണ് കരുതുന്നത്.
അതേസമയം പ്രതിസന്ധി പരിഹരിക്കുന്നതിന് നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്. അതിര്‍ത്തി പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചു വരികയാണെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. സൈനികര്‍ കൊല്ലപ്പെട്ടത് ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണെന്നും സൈനികരുടെ ധീരതയും രക്തസാക്ഷ്യവും രാജ്യം മറക്കില്ലെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
ജൂണ്‍ ആറിന് സൈനികതലത്തില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാന പ്രകാരം അതിര്‍ത്തിയില്‍ നിന്ന് ഇരുരാജ്യങ്ങളുടെയും സൈനിക പിന്‍മാറ്റം പൂര്‍ത്തിയാക്കാന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന തരത്തിലുള്ള നടപടി ഇരുരാജ്യങ്ങളും സ്വീകരിക്കരുതെന്ന് ചര്‍ച്ചയില്‍ തീരുമാനമായതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."