മാധ്യമപ്രവര്‍ത്തകന് വധഭീഷണി: ഏറ്റുമാനൂര്‍ ക്ഷേത്രം ഉപദേശകസമിതി സെക്രട്ടറിക്കെതിരേ കേസ്
ഏറ്റുമാനൂര്‍: മാധ്യമപ്രവര്‍ത്തകനെ ഫോണില്‍ വിളിച്ച് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയും ചെയ്ത സംഭവത്തില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം ഉപദേശകസമിതി സെക്രട്ടറി ഏറ്റുമാനൂര്‍ കുറുപ്പംകുന്നേല്‍ കെ.എന്‍ ശ്രീകുമാറിനെതിരേ പൊലിസ് കേസെടുത്തു.
മാധ്യമപ്രവര്‍ത്തകനും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ഉടമയുമായ ഏറ്റുമാനൂര്‍ സ്വദേശി ബി. സുനില്‍കുമാര്‍ കോട്ടയം ജില്ലാ പൊലിസ് മേധാവിയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിക്കൂറ സമര്‍പ്പിച്ചതിലെ അഴിമതി ആരോപണവും ഉപദേശകസമിതി അംഗത്തെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയെന്ന പരാതിയും സുപ്രഭാതം ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ വാര്‍ത്തയായതിന് പിന്നാലെയാണ് ഭീഷണി ഉണ്ടായത്. സുനില്‍കുമാറിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ശ്രീകുമാര്‍ അതിനുശേഷം വാട്‌സ് ആപ്പിലൂടെ അപകീര്‍ത്തിപ്പെടുത്തിയുള്ള സന്ദേശങ്ങള്‍ നിരന്തരമായി അയക്കുകയായിരുന്നു. ഇതിനുമുമ്പ് ഏഴരപൊന്നാനകളുടെ അറ്റകുറ്റപണികള്‍ നടത്താനുള്ള നീക്കത്തിനെതിരേ ഭക്തജനങ്ങള്‍ സംഘടിച്ചത് സംബന്ധിച്ച് പത്രത്തില്‍ വന്ന വാര്‍ത്തയെതുടര്‍ന്നും ശ്രീകുമാര്‍ സുനില്‍കുമാറിനെ ഭീഷണിപ്പെടുത്തിയിരുന്നു. ജില്ലാപൊലിസ് മേധാവി ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, എ.എസ്.പി രീഷ്മ രമേശന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയോടെ ഏറ്റുമാനൂര്‍ പൊലിസാണ് ശ്രീകുമാറിനെതിരേ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."