പ്ലാന്റേഷന് തോട്ടത്തില്‍നിന്ന് കശുവണ്ടി കടത്തുന്നുവെന്ന് ആരോപണം
മുള്ളേരിയ: പ്ലാന്റേഷന് കോര്പറേഷന് കശുമാവ് തോട്ടത്തില്‍ നിന്ന് ഉദ്യോഗസ്ഥന് തന്നെ കശുവണ്ടി കടത്തുന്നതായി ആരോപണം. സംഭവം കൈയോടെ പിടികൂടിയിട്ടും നടപടിയെടുത്തില്ലെന്നും പരാതി. കഴിഞ്ഞ ദിവസം ആദൂര്‍ ഡിവിഷനിലെ ബെള്ളൂരില്‍ നിന്നാണു മോഷണം പിടികൂടിയത്.
പുറം കരാറുകാരായ 21 തൊഴിലാളികളും പി.സി.കെയുടെ പതിനൊന്ന് തൊഴിലാളികളുമാണ് ഇവിടെനിന്ന് കശുവണ്ടി ശേഖരിക്കുന്നത്. കഴിഞ്ഞ ദിവസം പുറംതൊഴിലാളികള്‍ 396 കിലോ കശുവണ്ടിയും പി.സി.കെ തൊഴിലാളികള്‍ 157 കിലോ കശുവണ്ടിയും ശേഖരിച്ചിരുന്നു. എന്നാല്‍ വൈകുന്നേരം പി.സി.കെയുടെ ഗോഡൗണില്‍ എത്തിച്ചത് പുറംകരാറുകാര്‍ ശേഖരിച്ച 396 കിലോ കശുവണ്ടി മാത്രമാണ്.
ഇതുശ്രദ്ധയില്‍പ്പെട്ടതോടെ പി.സി.കെയുടെ തോട്ടങ്ങളിലെ പ്രത്യേക നിരീക്ഷകസംഘം നടത്തിയ അന്വേഷണത്തിലാണ് പി.സി.കെ തൊഴിലാളികള്‍ ശേഖരിച്ച 157 കിലോ കശുവണ്ടി ഉദ്യോഗസ്ഥന് തന്നെ കടത്തിയതായി മനസിലായത്.
പി.സി.കെയിലെ ഉദ്യോഗസ്ഥന് തന്നെ കശുവണ്ടി കടത്തിയത് പിടികൂടിയിട്ടും ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്കിയതല്ലാതെ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ തയാറാവാത്തത് തൊഴിലാളികള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയിലെ അംഗമായതിനാല്‍ നേതാക്കള്‍ ഇയാളെ സംരക്ഷിക്കുകയാണെന്ന് ഒരു വിഭാഗം തൊഴിലാളികള്‍ ആരോപിച്ചു.
ഇത്തവണ പ്ലാന്റേഷന് തോട്ടങ്ങളിലെ കശുവണ്ടി കോര്പറേഷന് നേരിട്ടു ശേഖരിച്ചു വിപണി വിലയ്ക്ക് പൊതുമേഖല സ്ഥാപനങ്ങളായ കശുവണ്ടി വികസന കോര്‍പറേഷനും കാപെക്സിനും നല്‍കുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."