ഇടുക്കിയില്‍ പുതിയ പവര്‍ഹൗസ് വിശദപഠനത്തിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനം
തിരുവനന്തപുരം: ഇടുക്കിയില്‍ പുതിയ പവര്‍ഹൗസ് സ്ഥാപിക്കാനുള്ള വിശദപഠനത്തിന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വാപ്‌കോസിനെ (വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വിസസ് ലിമിറ്റഡ്) തെരഞ്ഞെടുത്തു. ഇവരുമായി കെ.എസ്.ഇ.ബി ഉടന്‍ കരാറില്‍ ഒപ്പിടും.
വിദേശ കമ്പനികള്‍ ഉള്‍പ്പെടെ നാലു കമ്പനികള്‍ പങ്കെടുത്ത ആഗോള ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക വാപ്‌കോസിന്റേതായിരുന്നു. കെ.എസ്.ഇ.ബി നേരത്തെ പ്രീ ഫീസിബിലിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് ആഗോള ടെണ്ടര്‍ വിളിച്ചത്. പദ്ധതിയെക്കുറിച്ച് വിശദമായ പഠനം നടത്താന്‍ രണ്ടു വര്‍ഷം വേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്. സാങ്കേതികവും സാമ്പത്തികവുമായ കാര്യങ്ങള്‍ വാപ്‌കോസ് വിശദമായി പഠിക്കും. ഇതിനുശേഷം വിവിധ അനുമതികള്‍ക്കായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. പിന്നീടായിരിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കു കടക്കുക.
780 മെഗാവാട്ടിന്റേതാണ് പദ്ധതി. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി ഉല്‍പ്പാദന നിലയം സ്ഥിതിചെയ്യുന്ന മൂലമറ്റത്തായിരിക്കും പുതിയ ഭൂഗര്‍ഭ നിലയവും. ഇപ്പോഴുള്ള നിലയത്തിന്റെ ശേഷിയും 780 മെഗാവാട്ടാണ്. ആറ് ജനറേറ്റുകളാണുള്ളത്. പുതുതായി നിര്‍മിക്കുന്ന നിലയത്തിലും ആറ് ജനറേറ്ററുകളുണ്ടാകും. മല തുരന്നു നിര്‍മിക്കുന്ന നിലയത്തിലേക്കെത്താന്‍ 700 മീറ്ററോളം ടണല്‍ വേണ്ടിവരും. പദ്ധതിക്ക് 20,000 കോടിരൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."