കുരങ്ങുഭാഷ തിരിച്ചറിഞ്ഞു
മനുഷ്യര്‍ക്ക് മാത്രമല്ല മറ്റു ജീവികള്‍ക്കും ആശയവിനിമയത്തിനും മുന്നറിയിപ്പ് നല്‍കാനും ഭാഷയുണ്ടെന്ന നിഗമനത്തില്‍ ശാസ്ത്രലോകം. കുരങ്ങന്‍മാരുടെ ഭാഷയാണ് ഒരുസംഘം ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞത്. പരസ്പരം അപകട മുന്നറിയിപ്പുകള്‍ നല്‍കുമ്പോഴും മറ്റുരീതിയില്‍ വിവരങ്ങള്‍ കൈമാറുമ്പോഴും ഇവ പ്രത്യേക രീതിയിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഫ്രാന്‍സിലെ നാഷനല്‍ സെന്റര്‍ ഫോര്‍ സയിന്റിഫിക് റിസര്‍ച്ച് (സി.എന്‍.ആര്‍.എസ്) ആണ് ഇതുസംബന്ധിച്ച പഠനവിവരം പുറത്തുവിട്ടത്.
മൂന്നു ദശലക്ഷം വര്‍ഷമായി ഇത്തരം ഭാഷ കുരങ്ങുകളും മറ്റും ഉപയോഗിക്കാറുണ്ടെന്നാണ് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ പ്രൊഫസറും സി.എന്‍.ആര്‍.എസിലെ ഗവേഷകനുമായ ഷെല്‍ങ്കര്‍ പറയുന്നത്. മനുഷ്യനെ പോലെ എല്ലാകാര്യങ്ങള്‍ക്കും കുരങ്ങുകള്‍ ശബ്ദരീതിയില്‍ ആശയവിനിമയം നടത്താറില്ല. അപകടമുന്നറിയിപ്പ് പോലുള്ള അത്യാവശ്യസമയത്തു മാത്രമാണിതെന്നാണ് ഗവേഷകര്‍ പറയുന്നത്.
ആഫ്രിക്കയിലെ കുരങ്ങുകളെയാണ് സംഘം പഠനവിധേയമാക്കിയത്. ഇവ ഉപയോഗിക്കുന്ന മൂന്നുവാക്കുകളാണ് തിരിച്ചറിഞ്ഞതും. അപകടസൂചന നല്‍കാന്‍ ഭൂരിപക്ഷം കുരങ്ങുവര്‍ഗവും 'ഹാക്, 'ക്രാക് 'എന്നീ ശബ്ദങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പഠനങ്ങളില്‍ കണ്ടത്തെിയിട്ടുണ്ട്. ഇവയുടെ കൂടെ 'ഊ' എന്ന ശബദം ചേരുമ്പോള്‍ അതിന്റെ അര്‍ഥത്തിന് വ്യതിയാനം വരുന്നതായും കണ്ടത്തെി. ഇത്തരത്തില്‍ ഉരുത്തിരിഞ്ഞുവരുന്ന ഭാഷയെ മനസിലാക്കിയെടുക്കാനാണ് ഗവേഷകരുടെ ശ്രമം.
കുരങ്ങന്മാര്‍ പുറപ്പെടുവിക്കുന്ന 'ഹാക് ' എന്ന ശബ്ദം കഴുകന്മാര്‍ പോലുള്ള ശത്രുക്കളെ കാണുമ്പോള്‍ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പും 'ഹാക്ഊ' എന്ന ശബ്ദം പൊതുവെ മുകള്‍ഭാഗത്തുനിന്ന് വരുന്ന ശത്രുവിനെ കുറിച്ചുള്ള മുന്നറിയിപ്പുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 'ഊ' എന്ന ശബ്ദം അത്ര ഗൗരവമല്ലാത്ത മുന്നറിയിപ്പുകളായാണ് ഉപയോഗിക്കുന്നത്. അതേസമയം, 'ക്രാക്' എന്ന ശബ്ദം പുലിയും കടുവയും പോലുള്ള ശത്രുക്കളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നാണ് ഗവേഷകര്‍ കരുതുന്നത്. മനുഷ്യരുടേയും ഗറില്ലകളുടേയും ആശയവിനിമയ മാര്‍ഗങ്ങള്‍ പോലെ കുരങ്ങിനും ഇതിനോട് സാമ്യതയുണ്ടോയെന്ന പഠനവും നടക്കുന്നുണ്ട്. മനുഷ്യര്‍ക്ക് ഒരേ വികാരം പ്രകടിപ്പിക്കാന്‍ വ്യത്യസ്ത ഭാഷയുണ്ടെന്നിരിക്കെ ഭൂമിശാസ്ത്രപരമായ മേഖലകള്‍ അനുസരിച്ച് കുരങ്ങിനും ഭാഷാവൈവിധ്യമുണ്ടോയെന്ന പഠനവും പുരോഗമിക്കുന്നുണ്ട്.
ഇണകളായി നടക്കുന്ന കുരങ്ങുകള്‍ 'ഭൂം' എന്ന ശബ്ദം പുറപ്പെടുവിക്കുന്നതായും കണ്ടെത്തി. എന്നാല്‍ എന്താണ് ഇതിന്റെ അര്‍ഥമെന്ന് തിരിച്ചറിയാനായിട്ടില്ല. സാധാരണ അപകടമുന്നറിയിപ്പിന് ഒരു വിഭാഗം കുരങ്ങുകള്‍ ' പ്യോസ് 'എന്നും ശബ്ദമുണ്ടാക്കുന്നുണ്ട്. എന്നാല്‍ ഹാക്‌സ് എന്ന ശബ്ദം എല്ലാവിഭാഗം കുരങ്ങുകളും അപകട മുന്നറിയിപ്പായി ഉപയോഗിക്കുന്നുണ്ട്. പരുന്ത് റാഞ്ചാന്‍ വരുന്നു എന്ന മുന്നറിയിപ്പാണ് ഇതിന്റെ അര്‍ഥമെന്നാണ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."