കോഴിക്കോട്ട് കെ.എസ്.യു മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ്; ഡി.സി.സി പ്രസിഡന്റിന് പരുക്ക്
കോഴിക്കോട്: കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെ പൊലിസ് ലാത്തിച്ചാര്‍ജ്. സംഭവത്തില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി നിഹാല്‍ തുടങ്ങിയവര്‍ക്ക് പരുക്കേറ്റു.
ജെസ്ന തിരോധനം സി.ബി.ഐക്കു വിടുക, പരിയാരം മെഡിക്കല്‍ കോളജിലെ ഫീസ് കൊള്ള അവസാനിപ്പിക്കുക, പൊലിസിന്റെ അതിക്രമം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ ഡി.ഡി.ഇ ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തി വീശി. പൊലിസ് ബലമായി പിടിച്ചു മാറ്റുന്നതിനിടെയാണ് സിദ്ദീഖിന് പരുക്കേറ്റത്. ലാത്തിച്ചാര്‍ജില്‍ നിഹാലിന് തലക്കും കൈക്കും പരുക്കേറ്റു.
ജില്ലാ ഭാരവാഹികളായ സുധിന്‍ സുരേഷ്, ഷഹബാസ്, സുവാദ് റഹീം, മനു അര്ജുന്, അശ്വിന്, സിദ്ധാര്‍ഥ് എന്നിവര്‍ക്കും പരുക്കേറ്റു. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി സൂരജ്, സെക്രട്ടറി സുധിന്‍ സുരേഷ്, ജാസില്‍ പുതുപ്പാടി, മനു അര്ജുന്, ശ്യാം, ജാനിസ് തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കി. മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.
ഡി.ഡി.ഇ ഓഫിസ് മാര്‍ച്ചിനുനേരെ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലമെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധത്തിന് പ്രസിഡന്റ് ജയ്സല്‍ അത്തോളി, സംസ്ഥാന ഭാരവാഹികളായ എം. ധനീഷ്ലാല്‍, ആര്. ഷഹിന്‍, പാര്‍ലമെന്റ് കമ്മിറ്റി ഭാരവാഹികളായ ഷഫ്നാസ് അലി, വി.ടി ഷിജുലാല്‍, ഷിബു ശിവ, സിഞ്ചു കൊടുവള്ളി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."