ജി.വി രാജ സ്‌കൂളിലെ ഭക്ഷ്യവിഷബാധ: പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി
തിരുവനന്തപുരം : ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ അടിക്കടിയുണ്ടാകുന്ന ഭക്ഷ്യവിഷബാധയില്‍ പ്രിന്‍സിപ്പലിന് പങ്കുണ്ടാകാമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ്.വി പ്രദീപിനെ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലേക്ക് സ്ഥലംമാറ്റി. വി.എസ്.എസ്.സി ഡയറക്ടര്‍ക്കാണ് പകരം ചുമതല.
ഭക്ഷണത്തില്‍ പ്രിന്‍സിപ്പല്‍ പ്രദീപ് മായം ചേര്‍ക്കുന്നതായി സംശയമുണ്ടെന്നും അയാള്‍ തല്‍സ്ഥാനത്തു തുടര്‍ന്നാല്‍ ഭക്ഷ്യവിഷബാധ ആവര്‍ത്തിക്കാനും കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമാകാനും സാധ്യതയുണ്ടെന്നും കാണിച്ച് കഴിഞ്ഞ ദിവസമാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രിന്‍സിപ്പലിനെതിരേ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. കഴിഞ്ഞ ജൂണ്‍ 18നാണ് ജി.വി രാജ സ്‌കൂളില്‍ ഏറ്റവുമൊടുവില്‍ ഭക്ഷ്യവിഷബാധയുണ്ടായത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ അഞ്ചുതവണ ഇവിടെ ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ശുപാര്‍ശ ചെയ്തിരുന്നെങ്കിലും ഇത് കായിക വകുപ്പ് ഉദ്യോഗസ്ഥര്‍ മുക്കിയെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതുകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടിയെടുത്തത്. കുട്ടികളുടെ ഭാവിയെ തകര്‍ക്കുന്ന ഇടപെടലുകള്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കില്ലെന്നും ഉന്നതതല അന്വേഷണത്തിന് ആഭ്യന്തര വകുപ്പിനോട് ശുപാര്‍ശ ചെയ്‌തെന്നും കായിക മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."