അമിത വൈദ്യുതി ബില്ലില്‍ ആശ്വാസം ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്തെ വൈദ്യുതി ഉപയോഗത്തിന്റെ പേരില്‍ കെ.എസ്.ഇ.ബി നടത്തിയത് കൊള്ളയാണെന്നു സമ്മതിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്‌നത്തില്‍ പ്രതിഷേധം ഈനിലയില്‍ തുടര്‍ന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തിരിച്ചടിനേരിടുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഗാര്‍ഹിക മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ തലയൂരിയത്. അധിക ഉപഭോഗത്തിന് വിവിധ സ്‌ളാബുകളിലായി 20 മുതല്‍ 50 ശതമാനം വരെയാണ് സബ്‌സിഡി പ്രഖ്യാപിച്ചത്. ഒന്നിച്ച് തുക അടക്കുന്നതിന് പ്രയാസമുള്ളവര്‍ക്ക് അഞ്ചു തവണകളായി പണമടക്കാം. കൊവിഡ് പശ്ചാത്തലത്തില്‍ ബില്ലടച്ചില്ല എന്ന കാരണത്താല്‍ ആരുടേയും വൈദ്യുതി ബന്ധം വിഛേദിക്കേണ്ടതില്ല എന്നും തീരുമാനിച്ചു.
സബ്‌സിഡി നല്‍കിയതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡിന് 200 കോടിയോളം രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഗുണം 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും മറ്റു മേഖലകളില്‍ ഉള്ളവരുടേത് പിന്നീട് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."