ചെങ്ങാലൂരില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു
പുതുക്കാട്: പഞ്ചായത്തിലെ കാര്‍ഷിക മേഖലയായ ചെങ്ങാലൂര്‍ പ്രദേശത്തെ ഏക്കര്‍കണക്കിന് കൃഷി വെള്ളമില്ലാതെ നശിക്കുന്നു. ജാതിയും വാഴയും പച്ചക്കറികളും ഉണങ്ങി നശിച്ചിട്ടും അധികൃതര്‍ വേണ്ടത്ര ഇടപെടലുകള്‍ നടത്തുന്നില്ലെന്നാണ് ആക്ഷേപം.
മേഖലയിലെ നൂറുകണക്കിന് കര്‍ഷകരാണ് ജലക്ഷാമം മൂലം ദുരിതമനുഭവിക്കുന്നത്. പ്രളയത്തില്‍ സംഭവിച്ച നാശത്തില്‍ നിന്ന് കരകയറും മുന്‍പേ കടുത്ത വേനല്‍ വന്നതും അതോടൊപ്പം വെള്ളം കിട്ടാതെ വന്നതും കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായി.
കര്‍ഷകര്‍ക്ക് ആശ്രയമായ ഊറാംകുളം പദ്ധതി പ്രവര്‍ത്തിക്കാത്തതാണ് ജലക്ഷാമത്തിന് കാരണമായി കര്‍ഷകര്‍ പറയുന്നത്. ഊറാംകുളം പദ്ധതിയില്‍ അഡീഷണല്‍ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് കനാലിലൂടെയാണ് പ്രദേശത്ത് വെള്ളമെത്തിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം പമ്പിങിനുള്ള വെള്ളം ഊറാംകുളത്തില്‍ ഇല്ലാത്തതാണ് പദ്ധതി പ്രവര്‍ത്തിക്കാത്തതിന്റെ കാരണം.കുറുമാലി പുഴയിലെ മാഞ്ഞാംകുഴി റഗുലേറ്ററിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം സംഭരിക്കുമ്പോഴാണ് കാലങ്ങളായി ഊറാംകുളത്തിലേക്ക് വെള്ളം എത്താറുള്ളത്.
ഇത്തവണ കോള്‍ നിലങ്ങളിലെ നെല്‍കൃഷിക്ക് വെള്ളമെത്തിക്കുന്നതിന്റെ ഭാഗമായി മാഞ്ഞാംകുഴി ഷട്ടര്‍ തുറന്നുകൊടുക്കുകയായിരുന്നു. ജലസേചന പദ്ധതി നിലച്ചതോടെ മേഖലയില്‍ കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുകയാണ്.
ഊറാംകുളം പദ്ധതിക്ക് വേണ്ടി പുഴയില്‍ നിന്ന് നേരിട്ട് പമ്പിങ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്നാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. കൂടാതെ ചിറയങ്ങാട്ടു പാടത്തേക്ക് വെള്ളമെത്തിക്കുന്ന ഇടിഞ്ഞുവീണ കനാല്‍ പുനര്‍നിര്‍മിക്കണമെന്നും ജാതിയും വാഴയും മറ്റ് വിളകളും വ്യാപകമായി നശിച്ച കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈകൊള്ളണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
മുടങ്ങി കിടക്കുന്ന കുണ്ടുകടവ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പൂര്‍ത്തീകരിച്ച് ജലക്ഷാമത്തിന് പരിഹാരം കാണണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നു.
കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ജനകീയ കൂട്ടായ്മ തയാറാക്കിയ ആവശ്യങ്ങളടങ്ങിയ പരാതി അധികൃതര്‍ക്ക് നല്‍കിയിരിക്കുയാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."