പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കാന്‍ ട്രംപ് ചൈനയുടെ സഹായം തേടി
വാഷിങ്ടണ്‍: നവംബറില്‍ നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ സഹായം തേടിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍. ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കായി ചൈന തടവുകേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനെ ട്രംപ് പിന്തുണച്ചതായും ബോള്‍ട്ടന്‍ 'ദി റൂം വേര്‍ ഇറ്റ് ഹാപ്പന്‍ഡ്; എ വൈറ്റ്ഹൗസ് മെമ്മയര്‍' എന്ന തന്റെ പുസ്തകത്തില്‍ പറയുന്നു. സി.എന്‍.എന്‍ ആണ് പുസ്തകത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടത്.
യു.എസ് കര്‍ഷകരുടെ കൂടുതല്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങി തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിക്കാന്‍ സഹായിക്കണമെന്നാണ് ഷി ജിന്‍പിങിനോട് ട്രംപ് ആവശ്യപ്പെട്ടത്. കര്‍ഷകര്‍ യു.എസിലെ പ്രധാന വോട്ടുബാങ്കാണ്. 2016ലെ തെരഞ്ഞെടുപ്പില്‍ ട്രംപിനെ അവര്‍ പിന്തുണച്ചിരുന്നു. വൈറ്റ്ഹൗസ് എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് ട്രംപിന് അറിയില്ലെന്നും പുസ്തകത്തില്‍ കുറ്റപ്പെടുത്തുന്നു.
അതേസമയം, 577 പേജുകളുള്ള പുസ്തകം പുറത്തിറങ്ങുന്നത് തടയാനുള്ള എല്ലാ ശ്രമങ്ങളും ട്രംപ് ഭരണകൂടം നടത്തുന്നുണ്ട്. . എന്നാല്‍ പുസ്തകത്തില്‍ രാജ്യരക്ഷയെ ബാധിക്കുന്ന രഹസ്യവിവരങ്ങള്‍ ഒന്നുമില്ലെന്നാണ് ബോള്‍ട്ടന്‍ പറയുന്നത്.
ഈ മാസം 23നാണ് പുസ്തകം പുറത്തിറങ്ങുന്നത്. എന്നാല്‍ ബുധനാഴ്ച രാത്രി പുസ്തകപ്രകാശനം തടയുന്നതിനുള്ള അടിയന്തര ഉത്തരവ് തേടി സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. അതേസമയം ഇതിനകം പുസ്തകത്തിന്റെ ലക്ഷക്കണക്കിന് കോപ്പികള്‍ ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ടതായി പ്രസാധകരായ സൈമണ്‍ ആന്‍ഡ് ഷസ്റ്റര്‍ പറഞ്ഞു.
പുസ്തകത്തില്‍ പറയുന്നത് ശരിയാണെങ്കില്‍ ട്രംപ് അമേരിക്കന്‍ ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."